അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം കഴിയുന്നതുവരെ വ്യോമയാന മന്ത്രിയെ മാറ്റണം : രോഹിത് പവാർ
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം കഴിയുന്നതുവരെ ടി.ഡി.പി നേതാവ് കെ. രാംമോഹൻ നായിഡുവിനെ കേന്ദ്ര വ്യോമയാന മന്ത്രി പദത്തിൽനിന്ന് മാറ്റണമെന്ന് ശരദ് പവാർ പക്ഷ എം.എൽ.എ രോഹിത് പവാർ. അപകടത്തിൽപെട്ട വിമാനത്തിന്റെ ഉടമകളായ വി.എസ്.ആർ വെഞ്ചേഴ്സുമായി ടി.ഡി.പി നേതാക്കൾക്കുള്ള ബന്ധവും ചിലർക്ക് കമ്പനിയിൽ ഓഹരിയുള്ളതും ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഡി.ജി.സി.എ ഉദ്യോഗസ്ഥരും വി.എസ്.ആർ വെഞ്ചേഴ്സ് ഉടമകളും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച രോഹിത്, പ്രാഥമിക അന്വേഷണ റിപ്പോർട്ട് വൈകുന്നത് ചൂണ്ടിക്കാട്ടി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന അജിത് പവാറിന്റെ വിധവയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറിന്റെ ആവശ്യത്തെ രോഹിത് പിന്തുണച്ചു. അന്വേഷണം നിരീക്ഷിക്കാൻ റിട്ട. ഉദ്യോഗസ്ഥർ, ജഡ്ജിമാർ, കേന്ദ്ര പ്രതിപക്ഷ നേതാവ്, പവാർ കുടുംബാംഗങ്ങൾ ഉൾപ്പെട്ട ഉന്നത പാനൽ രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.