വന്‍ സാധ്യതകളുമായി സ്റ്റാര്‍ട്ടപ്പ് പ്രതിനിധി സംഘം ഓസ്ട്രിയയില്‍

 

തിരുവനന്തപുരം: ഓസ്ട്രിയന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കാനും സാങ്കേതിക-നിക്ഷേപ സാധ്യതകള്‍ മനസിലാക്കാനുമായി സ്റ്റാര്‍ട്ടപ്പ് പ്രതിനിധി സംഘം ഓസ്ട്രിയ സന്ദര്‍ശിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, അഡ്വാന്‍റേജ് ഓസ്ട്രിയ, കാര്‍വ് സ്റ്റാര്‍ട്ടപ്പ് ലാബ്സ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഒരാഴ്ച നീണ്ടു നിന്ന സന്ദര്‍ശനം.

ഓസ്ട്രിയയിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്‍റെ സമഗ്രമായ ധാരണ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നല്‍കുക, കൂടുതല്‍ സഹകരണം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. നെക്സ്ബില്യന്‍ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, എല്ലോ ടാലന്‍റ് മാര്‍ക്കറ്റ് പ്ലേസസ്, ആക്രി, വിസികോം നര്‍ച്ചര്‍, ലിഥോസ് ടെക്നോസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍റര്‍നാഷണല്‍ വെര്‍ച്വല്‍ അസിസ്റ്റന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ സിഇഒ മാരും കെഎസ് യുഎം, കാര്‍വ് സ്റ്റാര്‍ട്ടപ്പ് ലാബ്സ് പ്രതിനിധികളുമാണ് സംഘത്തിലുണ്ടായിരുന്നത്.

മാര്‍ച്ച് 13 തിങ്കളാഴ്ച വിയന്നയിലെത്തിയ സംഘത്തിനെ നഗരത്തിലെ വാണിജ്യ കൗണ്‍സിലറും ട്രേഡ് കമ്മീഷണറുമായ ഹാന്‍സ് യോര്‍ഗ് ഹെര്‍ട്ട്നാഗല്‍ സ്വീകരിച്ചു. അതിനു ശേഷം ഓസ്ട്രിയയിലെ സ്റ്റാര്‍ട്ടപ്പുകളുടെ നോഡല്‍ എജന്‍സിയായ ഓസ്ട്രിയന്‍സ്റ്റാര്‍ട്ടപ്പുമായി സംഘം കൂടിക്കാഴ്ച നടത്തി. ഓസ്ട്രിയന്‍സ്റ്റാര്‍ട്ടപ്പിനെക്കുറിച്ചുള്ള അവതരണവും ഇതോടൊപ്പം നടന്നു. ഓസ്ട്രിയന്‍സ്റ്റാര്‍ട്ടപ്പിന്‍റെ മേധാവി ഐപെക് ഹിസാര്‍ പരിപാടിയില്‍ പങ്കെടുത്തു.

പിന്നീട് വിയന്നയിലുള്ള ലിന്‍ഡന്‍ഗേസിലുള്ള ഇംപാക്ട് ഹബ് സംഘം സന്ദര്‍ശിച്ചു. സ്ഥാപകര്‍, നിക്ഷേപകര്‍, വാണിജ്യ ആസൂത്രകര്‍ തുടങ്ങിയവരുടെ വൈവിദ്ധ്യ സാമൂഹ്യകൂട്ടായ്മയാണിത്. സാമൂഹ്യപ്രതിബദ്ധതയോടെയുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ഇവര്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനു ശേഷം വിയന്നയിലെ ഇന്ത്യന്‍ എംബസി നല്‍കിയ സ്വീകരണത്തിലും ഓസ്ട്രിയയിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പങ്കാളികളുമായി നടത്തിയ കൂടിക്കാഴ്ചയിലും സംഘം പങ്കെടുത്തു.

ഓസ്ട്രിയയിലെ ദേശീയ നിക്ഷേപക പ്രോത്സാഹന ഏജന്‍സിയായ ഓസ്ട്രിയന്‍ ബിസിനസ് ഏജന്‍സി (എബിഎ) യുമായും കൂടിക്കാഴ്ച നടത്തി. എബിഎയുടെ ഏഷ്യാ വിഭാഗം ഡയറക്ടര്‍ മത്തായിസ് അഡെല്‍വോറെറാണ് അവതരണം നടത്തിയത്. ഓസ്ട്രിയയില്‍ വിദേശനിക്ഷേപം നടത്തുന്നതിനുള്ള അനുമതി നല്‍കുന്ന ഏക ഉന്നത സര്‍ക്കാര്‍ സ്ഥാപനമാണ് എബിഎ.

അതിനു ശേഷം വിയന്ന ബിസിനസ് ഏജന്‍സി സന്ദര്‍ശിച്ച സംഘം വട്ടമേശ സമ്മേളനത്തിലും പങ്കെടുത്തു. അന്താരാഷ്ട്ര വാണിജ്യ വിഭാഗത്തിലെ മാനേജര്‍ സിയാ ഹുങ് സാങാണ് അവതരണം നടത്തിയത്. തുടര്‍ന്ന വിയന്ന ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇനോവേഷന്‍ ഹബ് സംഘം സന്ദര്‍ശിച്ചു. ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പ് വിഭാഗത്തിലെ യൂറോപ്പിലെ സുപ്രധാന കേന്ദ്രമാണിത്.

തുടര്‍ന്ന് നൂതനത്വത്തിന്‍റെ തറവാടെന്ന് വിശേഷിപ്പിക്കാവുന്ന സാല്‍സ്ബര്‍ഗിലേക്ക് സംഘം യാത്രതിരിച്ചു. അവിടെ ഇനോവേഷന്‍ ഫോര്‍ ഗ്ലോബല്‍ മാര്‍ക്കറ്റ്-ഇന്ത്യ എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ സംഘം പങ്കെടുത്തു. പിന്നീട് ഇന്‍സ്ബര്‍ക്കിലുള്ള സ്കിന്നോവെഷന്‍ പരിപാടിയുടെ ഭാഗമായി ആല്‍പൈന്‍ ആന്‍ഡ് സ്പോര്‍ട്സ് ടെക് ഡേയിലും സംഘം പങ്കെടുത്തു. സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, നിക്ഷേപകര്‍ കോര്‍പറേറ്റുകള്‍ എന്നിവരുമായി ആശയവിനിമയം, സ്റ്റാര്‍ട്ടപ്പ് ഫെയറില്‍ ഉത്പന്ന പരീക്ഷണം എന്നിവയാണ് ഇവിടെയുണ്ടായിരുന്നത്.