പത്തു ദിവസത്തെ നിരീക്ഷണ ശേഷം ടൈഗര്‍ ഷ്‌റോഫിനെതിരെ വധശ്രമം ; മൂന്നു പ്രതികളും പിടിയില്‍

മുംബൈ ജുഹുവില്‍ ഫുട്‌ബോള്‍ കളികഴിഞ്ഞ് മടങ്ങുകയായിരുന്നു ടൈഗര്‍ ഷ്‌റോഫ്. വഴിയില്‍ കാത്തുനിന്ന രണ്ടുപേര്‍ മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നും നിറയൊഴിച്ചു

 

പോയിന്റ് ബ്ലാങ്കില്‍ നിറയൊഴിക്കും മുന്‍പ് തോക്ക് തകരാറിലായി. ഇതോടെ വലിയ ദുരന്തം വഴിമാറിപോവുകയായിരുന്നു.

മുംബൈയില്‍ ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിനെ നേരെയുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പ്രതികളും പിടിയില്‍. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളെ രാജസ്ഥാനിലെ കോട്ടയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. ടൈഗര്‍ ഷ്‌റോഫിനെ വധിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് മുംബൈ പോലീസ് പറഞ്ഞു. കൊല്ലാനുറച്ചെത്തിയ അക്രമികളില്‍ നിന്ന് നടന്‍ ടൈഗര്‍ ഷ്‌റോഫ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആറ് റൗണ്ട് വെടിയുതിര്‍ത്തു, പോയിന്റ് ബ്ലാങ്കില്‍ നിറയൊഴിക്കും മുന്‍പ് തോക്ക് തകരാറിലായി. ഇതോടെ വലിയ ദുരന്തം വഴിമാറിപോവുകയായിരുന്നു.

മുംബൈ ജുഹുവില്‍ ഫുട്‌ബോള്‍ കളികഴിഞ്ഞ് മടങ്ങുകയായിരുന്നു ടൈഗര്‍ ഷ്‌റോഫ്. വഴിയില്‍ കാത്തുനിന്ന രണ്ടുപേര്‍ മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നും നിറയൊഴിച്ചു. നടന്റെ ഡ്രൈവര്‍ ഫിര്‍ദോസിനും ഒരു ഓട്ടോ റിക്ഷാ ഡ്രൈവര്‍ക്കും വെടിയേറ്റു. 45 മിനുറ്റോളം ഗ്രൗണ്ടിന് പുറത്ത് കാത്തിരുന്നു പ്രതികള്‍. ആക്രമണം കഴിഞ്ഞ ഉടന്‍ ബൈക്കില്‍ അന്ധേരിയിലേക്ക്. ബൈക്ക് ഉപേക്ഷിച്ച ശേഷം മൂന്ന് പേരും ബോറിവലിയിലേക്കും തുടര്‍ന്ന് സൂറത്തിലേക്കും ട്രെയിനില്‍ കടന്നു. ഇതേ സമയം മുംബൈ പോലീസിന്റെ 15 സംഘങ്ങള്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയിരുന്നു.
പ്രതികള്‍ പൂനെ - ജയ്പൂര്‍ എക്‌സ്‌പ്രെസില്‍ രാജസ്ഥാനിലേക്ക് നീങ്ങിയതായി പോലീസിന് വിവരം ലഭിച്ചു. രാവിലെ 10 മണിയോടെ കോട്ട റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ മൂന്ന് പേരെയും രാജസ്ഥാന്‍ പോലീസിന്റെ പ്രത്യേക സംഘം വളഞ്ഞു. ബിഹാര്‍ സ്വദേശി ഹൃതിക് ഹരിയാന സ്വദേശി രേഹന്‍, ഒരു പതിനേഴുകാരന്‍ എന്നിവര്‍ പിടിയില്‍. ട്രെയിനില്‍ ജയ്പൂരിലേക്കും പിന്നീട് ബസ് മാര്‍ഗം ദില്ലിയിലേക്കുമെത്താനായിരുന്നു പ്രതികളുടെ നീക്കം. തുടര്‍ന്ന് നേപ്പാളിലേക്ക് കടക്കാനും പദ്ധതിയിട്ടിരുന്നു. കൃത്യം നിര്‍വഹിക്കാന്‍ 50000 രൂപ വീതം മൂന്നുപേരും നേരത്തെ കൈപ്പറ്റി. രണ്ടാഴ്ച്ച മുന്‍പ് മുംബൈയിലെത്തിയ പ്രതികള്‍ 10 ദിവസത്തോളം ടൈഗര്‍ ഷ്‌റോഫിനെ പിന്തുടര്‍ന്നു.

വീടും പതിവായി പോകുന്ന ജിമ്മും ഫുട്‌ബോള്‍ ഗ്രൗണ്ടും നിരീക്ഷിച്ചു. താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും പാപ്പരാസി വീഡിയോകളും കണ്ട ശേഷം ജുഹുവിലെ പുഷ്പ നര്‍സി പാര്‍ക്ക് തെരഞ്ഞെടുക്കുകയായിരുന്നു. അനില്‍ പണ്ഡിറ്റ് എന്നയാളുടെ അക്കൗണ്ടിലൂടെ ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ടൈഗര്‍ ഷ്‌റോഫ് സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിച്ചുവെന്നും അവസാനത്തെ മുന്നറിയിപ്പെന്നുമായിരുന്നു സന്ദേശം