ഇറാനെതിരായ ആക്രമണം ; കേന്ദ്രത്തിന്റെ നിശബ്ദതയിൽ ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി
അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിശബ്ദതയെ രൂക്ഷമായി വിമർശിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ആക്രമണത്തെ അപലപിക്കാനോ ഇറാനിലെ ജനങ്ങളോട് അനുഭാവം പ്രകടിപ്പിക്കാനോ കേന്ദ്രം തയ്യാറാകാത്തതിൽ അവർ നിരാശ രേഖപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ശ്രീനഗറിലെ പാർട്ടി ഓഫീസിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും ചിത്രങ്ങൾ മെഹ്ബൂബ മുഫ്തി പരസ്യമായി കത്തിച്ചു.
ഇറാൻ ഇന്ത്യയുടെ വിശ്വസ്ത സുഹൃത്താണെന്ന് മെഹ്ബൂബ ഓർമ്മിപ്പിച്ചു. കശ്മീർ വിഷയത്തിൽ ലോകത്തെ മിക്ക മുസ്ലിം രാജ്യങ്ങളും പാകിസ്ഥാനെ പിന്തുണച്ചപ്പോൾ ഇന്ത്യക്കൊപ്പം നിന്ന ചരിത്രമാണ് ഇറാന്റേത്. അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിന്നിരുന്ന കാലത്ത് ഇന്ത്യക്ക് എണ്ണ നൽകി സഹായിച്ച ഏക രാജ്യവും ഇറാനാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇത്രയും ദൃഢമായ ബന്ധമുണ്ടായിട്ടും ഇറാൻ നേരിടുന്ന പ്രതിസന്ധിയിൽ ഇന്ത്യൻ നേതൃത്വം മൗനം പാലിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസർക്കാരിന് പുറമെ ജമ്മു കശ്മീരിലെ ഒമർ അബ്ദുള്ള സർക്കാരിന്റെ നിശബ്ദതയെയും മെഹ്ബൂബ ചോദ്യം ചെയ്തു. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രതികരിക്കാത്തത് ശരിയല്ലെന്ന് അവർ അഭിപ്രായപ്പെട്ടു. ഡോണൾഡ് ട്രംപിനെയും നെതന്യാഹുവിനെയും ‘ദുഷ്ടശക്തികൾ’ എന്ന് വിശേഷിപ്പിച്ച മെഹ്ബൂബ മുഫ്തി, യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ആവശ്യപ്പെട്ടു.