പ്രണയ വിവാഹത്തിന്റെ പേരില്‍ ആക്രമണം ; 22 കാരനെ ഭാര്യയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഗുരുതരമായി പരിക്കേറ്റ സിദ്ദേഷിനെ ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

 

ഭാര്യയുടെ ബന്ധുക്കള്‍ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പരാതി നല്‍കാന്‍ ബസവപട്ടണ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം.

കര്‍ണാടകത്തിലെ ദാവണ്‍ഗരെയില്‍ പ്രണയവിവാഹത്തിന്റെ പേരില്‍ ആക്രമണം. സിദ്ദേഷ് എന്ന ഇരുപത്തിരണ്ടുകാരനെ ഭാര്യയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഭാര്യയുടെ ബന്ധുക്കള്‍ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പരാതി നല്‍കാന്‍ ബസവപട്ടണ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം.

ദാവണ്‍ഗരെയിലെ കാഞ്ചുഗാരനഹള്ളി സ്വദേശി സിദ്ദേഷ്, ലീലാവതി എന്ന പതിനെട്ടുകാരിയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങിയ ഇരുവരും ഒരു ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായി. പിന്നാലെ ഭീഷണി കടുത്തതോടെ ജില്ലാ പൊലീസ് മേധാവിക്ക് മുന്നില്‍ നേരിട്ടെത്തി സംരക്ഷണം ആവശ്യപ്പെട്ടു.

എസ്പിയുടെ നിര്‍ദേശപ്രകാരം പരാതി നല്‍കാന്‍ ബസവപട്ടണ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ലീലാവതിയുടെ വീട്ടുകാരും അവിടെ ഉണ്ടായിരുന്നു. സംസാരത്തിനിടയില്‍ എസ്‌ഐ ഫോണ്‍ വന്ന് പുറത്തിറങ്ങിയ സമയത്താണ് അമ്മാവന്‍ നാഗരാജ് ഇരുവരെയും ആക്രമിച്ചത്. കൈവശം കരുതിയിരുന്ന കത്തിയെടുത്ത് സിദ്ദേഷിന്റെ കയ്യില്‍ വെട്ടിയ നാഗരാജ്, ലീലാവതിയെയും ആക്രമിക്കാന്‍ മുതിര്‍ന്നെങ്കിലും പൊലീസുകാര്‍ തടയുകയായിരുന്നു.

വെട്ടേറ്റ് കൈ മുറിഞ്ഞ് തൂങ്ങിയ സിദ്ദേഷിനെ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സിദ്ദേഷിനെ ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സിദ്ദേഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. സിദ്ദേഷിനെ ആശുപത്രിയിലെത്തിക്കുമ്പോഴും പിന്തുടര്‍ന്ന സംഘം അവിടെ വച്ചും പൊലീസിനെ കാഴ്ചക്കാരാക്കി ഭീഷണി മുഴക്കി.