യുപിയിൽ വൻ സ്ഫോടന പരമ്പരകൾക്ക് പദ്ധതിയിട്ട ഭീകരമൊഡ്യൂളിനെ പിടികൂടി എടിഎസ്

ഉത്തർപ്രദേശിൽ വൻ സ്ഫോടന പരമ്പരകൾക്ക് പദ്ധതിയിട്ട ഭീകരമൊഡ്യൂളിനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (ATS) തകർത്തു. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും പ്രമുഖ രാഷ്ട്രീയ നേതാക്കളെ വധിക്കാനും ലക്ഷ്യമിട്ട

 

ലഖ്‌നൗ: ഉത്തർപ്രദേശിൽ വൻ സ്ഫോടന പരമ്പരകൾക്ക് പദ്ധതിയിട്ട ഭീകരമൊഡ്യൂളിനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (ATS) തകർത്തു. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും പ്രമുഖ രാഷ്ട്രീയ നേതാക്കളെ വധിക്കാനും ലക്ഷ്യമിട്ട നാല് യുവാക്കളാണ് പിടിയിലായത്. മീററ്റ് സ്വദേശി ഡെവിൾ എന്ന് വിളിക്കപ്പെടുന്ന സാഖിബാണ് ഈ മൊഡ്യൂളിലെ പ്രധാനി. മീററ്റ് സ്വദേശിയായ അറബാബ്, ഗൗതം ബുദ്ധ നഗർ സ്വദേശികളായ വികാസ്, ലോകേഷ് എന്നിവരുമാണ് പിടിയിലായിരിക്കുന്നത്.

പിടിയിലായവർക്ക് ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ഭീകര വിരുദ്ധ സേന പറയുന്നു. പാകിസ്ഥാനിലെ ഐഎസ്ഐ ഹാൻഡ്‌ലർമാരുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് എടിഎസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴിയും എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയുമാണ് ഇവർ പാക് ബന്ധം നിലനിർത്തിയിരുന്നത്. ലഖ്‌നൗ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ, സിഗ്നൽ സംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുന്ന ട്രക്കുകൾ എന്നിവ തകർത്ത് രാജ്യത്ത് ഭീതി പടർത്തുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ഇവർ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും വിവരമുണ്ട്.

ചെറിയ രീതിയിലുള്ള തീവെപ്പ് സംഭവങ്ങൾ നടത്തി അതിന്റെ വീഡിയോ പാക് ഹാൻഡ്‌ലർമാർക്ക് അയച്ചു നൽകുകയും, പ്രതിഫലമായി ക്യൂആർ കോഡ് വഴി ഇവർ പണം കൈപ്പറ്റുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. കഴിഞ്ഞ ഒരു മാസത്തിനിടെ ഉത്തർപ്രദേശിൽ പിടിയിലാകുന്ന രണ്ടാമത്തെ ഭീകരമൊഡ്യൂളാണിത്. അറസ്റ്റിലായവരിൽ നിന്ന് വിദേശ നമ്പറുകൾ അടങ്ങിയ ഫോണുകളും നിർണ്ണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. യുഎപിഎ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.