അന്യജാതിയില്‍പ്പെട്ട യുവാവുമായി മകളുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച ജ്യോതിഷിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

ഗ്രാമത്തില്‍ തന്റെ അന്തസ്സ് നഷ്ടപ്പെട്ടുവെന്ന് കരുതിയ ദീപക്, മന്ദാറിനോട് കടുത്ത പക വെച്ചുപുലര്‍ത്തുകയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയുമായിരുന്നു.

 

കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ സദലഗ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

മകളുടെ മിശ്രവിവാഹത്തിന് കാര്‍മികത്വം വഹിച്ച ജ്യോതിഷിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലുള്ള ഇച്ചല്‍കരഞ്ചി സ്വദേശിയായ മന്ദാര്‍ റാനഡെയാണ് (35) കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ഷിര്‍ദവാഡ് സ്വദേശിയായ ബാബാസാഹെബ് എന്ന ദീപക് മഗ്ദൂം ആണ് കര്‍ണാടക പോലീസിന്റെ പിടിയിലായത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ സദലഗ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.


പ്രതിയുടെ 19-കാരിയായ മകള്‍ അനുജയും മഹാരാഷ്ട്രയിലെ ശിവനായകവാഡി സ്വദേശിയായ ഓങ്കാര്‍ ആനന്ദ് ഖോട്ടും തമ്മില്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ജ്യോതിഷിയും വിവാഹ ദല്ലാളുമായി പ്രവര്‍ത്തിച്ചിരുന്ന മന്ദാര്‍ റാനഡെ ഇവരുടെ മിശ്രവിവാഹത്തിന് മുന്‍കൈയെടുക്കുകയും വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തിരുന്നു. ഇതോടെ ഗ്രാമത്തില്‍ തന്റെ അന്തസ്സ് നഷ്ടപ്പെട്ടുവെന്ന് കരുതിയ ദീപക്, മന്ദാറിനോട് കടുത്ത പക വെച്ചുപുലര്‍ത്തുകയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയുമായിരുന്നു.


ഒക്ടോബര്‍ 31-ന് മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്ന് മന്ദാറിനെ വിളിച്ച പ്രതി, മറ്റൊരു വിവാഹക്കാര്യം സംസാരിക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ മങ്കാപുരത്തേക്ക് വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ മന്ദാറിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ബെലഗാവി പോലീസ് പറയുന്നു.

തന്റെ ഇഷ്ടത്തിന് വിരുദ്ധമായി മകളുടെ വിവാഹം നടത്തിക്കൊടുത്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബെലഗാവി എസ്പി വ്യക്തമാക്കി