ഐ.ഐ.ടി ഖരഗ്പൂരിൽ അസിസ്റ്റന്റ് പ്രഫസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

പശ്ചിമ ബംഗാളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂർ കാമ്പസിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ അസിസ്റ്റന്റ് പ്രഫസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറായ 36കാരൻ ഡോ. ദീപക് റെഡ്ഡി പുള്ളഗുരം ആണ് മരിച്ചത്. ഹൈദരാബാദ് സ്വദേശിയായ അദ്ദേഹം കാമ്പസിലെ ക്വാർട്ടേഴ്സിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്.

 

 കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂർ കാമ്പസിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ അസിസ്റ്റന്റ് പ്രഫസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറായ 36കാരൻ ഡോ. ദീപക് റെഡ്ഡി പുള്ളഗുരം ആണ് മരിച്ചത്. ഹൈദരാബാദ് സ്വദേശിയായ അദ്ദേഹം കാമ്പസിലെ ക്വാർട്ടേഴ്സിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്.

ബുധനാഴ്ച രാവിലെയാണ് സഹപ്രവർത്തകർ അദ്ദേഹത്തെ ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

‘ഖരഗ്പൂർ ഐ.ഐ.ടിയിലെ ഒരു പ്രഫസറുടെ മൃതദേഹം മുറിയിൽ നിന്ന് കണ്ടെടുത്തു. സീലിങ്ങിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. കേസ് അന്വേഷിക്കുകയാണ്’ ഖരഗ്പൂർ എസ്.ഡി.പി.ഒ സിദ്ധാർഥ് സിങ് ഡാംഗി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് ​പൊലീസിന്റെ നിഗമനം. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ​വെന്നും പൊലീസ് അറിയിച്ചു.

2019 ജൂൺ മുതൽ നവംബർ വരെ എൻ.ഐ.ടി വാറങ്കലിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്തിരുന്നു ഡോ. ദീപക് റെഡ്ഡി. അതിനുമുമ്പ്, 2018 നവംബർ മുതൽ 2019 നവംബർ വരെ യു.എസിലെ ടെക്സസ് ആർലിങ്ടൺ സർവകലാശാലയിൽ ജോലി ചെയ്തിരുന്നു. 2022ലാണ് ഡോ. ദീപക് റെഡ്ഡി ഐ​.ഐ.ടി ഖരഖ്പൂരിൽ എത്തുന്നത്.

സംഭവത്തിൽ ഐ.ഐ.ടി ഖരഗ്പൂർ അധികൃതർ അനുശോചനം രേഖപ്പെടുത്തി. പൊലീസിന്റെ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും അധികൃതർ അറിയിച്ചു.