നിയമസഭ തെരഞ്ഞെടുപ്പ് ; ഡൽഹിയിൽ 11 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് എ.എ.പി
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 11 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് എ.എ.പി. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്.
ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 11 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് എ.എ.പി. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും പാർട്ടിയിലെത്തിയവരിൽ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഛതർപൂരിലെ തൻവാർ മണ്ഡലത്തിൽ ബ്രഹ്മ സിങ്ങും കിരാഡിയിൽ അനിൽ ഝായും സ്ഥാനാർഥികളാകും. ദീപക് സിംഗ്ല വിശ്വാസ് നഗറിലും സരിത സിങ് രോഹ്താസ് നഗറിലും ജനവിധി തേടും. ബി.ബി. ത്യാഗിയും പട്ടികയിലുണ്ട്. ലക്ഷ്മി നഗറിൽ നിന്നാണ് അദ്ദേഹം മത്സരിക്കുക. ബദർപൂരിൽ രാംസിങ് നേതാജിയും മത്സരിക്കും.
സീലാംപൂരിൽ സുബൈൽ ചൗധരി എ.എ.പി സ്ഥാനാർഥിയാകും. വീർസിങ് ദിങ്കൻ സീമാപുരിയിൽ മത്സരിക്കും. ഗൗരവ് ശർ ഖോണ്ടയിലും മനോജ് ത്യാഗി കരവാൾ നഗറിലും സോമേഷ് ശൗകീൻ മട്യാലയിലും മത്സരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ എ.എ.പിക്ക് ഒറ്റ സീറ്റ് പോലും ലഭിച്ചിരുന്നില്ല.
ഡൽഹിയിൽ അധികാരം നിലനിർത്താനാണ് എ.എ.പിയുടെ പോരാട്ടം. അഴിമതിക്കേസിൽ ജയിലിലായിരുന്ന ഡൽഹി മുൻ മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായിരുന്ന അരവിന്ദ് കെജ്രിവാൾ മോചനത്തിന് ശേഷം മുഖ്യമന്ത്രിപദവി രാജിവെച്ചിരുന്നു. അതിഷി മർലേനയാണ് കെജ്‍രിവാളിനു ശേഷം ഡൽഹി ഭരിക്കുന്നത്.