യുദ്ധമേഖലകളിൽ നിർമിതബുദ്ധിയുടെ ഉപയോഗത്തിന് മനുഷ്യനിയന്ത്രണം വേണമെന്ന് ഇന്ത്യ

യുദ്ധസാഹചര്യങ്ങളിൽ നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം ഉത്തരവാദിത്തത്തോടെയായിരിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു

 

ഡൽഹി :യുദ്ധസാഹചര്യങ്ങളിൽ നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം ഉത്തരവാദിത്തത്തോടെയായിരിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. സൈനിക നടപടികളിലും സംഘർഷങ്ങൾ തടയുന്നതിലും പുതിയ സാങ്കേതികവിദ്യകൾക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും അന്തിമ തീരുമാനങ്ങളിൽ മനുഷ്യന്റെ ഇടപെടലും വിവേചനബുദ്ധിയും നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിൽ നടന്ന ചർച്ചയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി രാജ്യത്തിന്റെ നിലപാട് അവതരിപ്പിച്ചു. നിർമിതബുദ്ധി സമാധാനത്തിനും സുരക്ഷയ്ക്കും സഹായകരമാകണം. എന്നാൽ ഭീകരസംഘടനകളും മറ്റ് സായുധസംഘങ്ങളും ഇത്തരം സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഗൗരവമായി കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസ്വര രാജ്യങ്ങൾക്കും പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിലും ഉപയോഗത്തിലും തുല്യമായ അവസരം ലഭിക്കണം എന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവച്ചു. സാങ്കേതികവിദ്യയുടെ പേരിൽ രാജ്യങ്ങൾക്കിടയിൽ പുതിയ അസമത്വങ്ങൾ സൃഷ്ടിക്കപ്പെടരുതെന്നും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി.