ദേശീയപാതയിൽ സി.സി.ടി.വി സ്ഥാപിച്ച് രഹസ്യവിവരങ്ങൾ പാകിസ്ഥാനിലേക്ക് ചോർത്തി ; പഞ്ചാബിൽ ഒരാൾ അറസ്റ്റിൽ
ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാനിലേക്ക് ചോർത്തി നൽകിയ ആളെ പഞ്ചാബിലെ പത്താൻകോട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ചണ്ഡീഗഢ് : ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാനിലേക്ക് ചോർത്തി നൽകിയ ആളെ പഞ്ചാബിലെ പത്താൻകോട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട് ചക് ധരിവാൾ ഗ്രാമത്തിൽ താമസിക്കുന്ന ബൽജിത് സിങ് എന്നയാളാണ് അറസ്റ്റിലായത്. പത്താൻകോട്ട്-ജമ്മു ദേശീയപാതയിലെ പാലത്തിനടുത്തുള്ള കടയിലാണ് ഇയാൾ സി.സി.ടി.വി കാമറ സ്ഥാപിച്ചത്. സൈന്യത്തിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും നീക്കങ്ങൾ നിരീക്ഷിക്കാനാണ് കാമറ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ സി.സി.ടി.വിയിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പാകിസ്ഥാനിലും വിദേശത്തുമുള്ള ചാരസംഘടനകൾക്ക് ചോർത്തി നൽകിയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ ഈ കാമറ സ്ഥാപിച്ചത്. ദുബായിലുള്ള ഒരാളുടെ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്നും ഇതിനായി ഇയാൾക്ക് 40,000 രൂപ ലഭിച്ചതായും സമ്മതിച്ചിട്ടുണ്ട്. ഇയാളിൽ നിന്ന് ഒരു സി.സി.ടി.വി കാമറയും ഇന്റർനെറ്റ് വൈഫൈ റൂട്ടറും പൊലീസ് കണ്ടെടുത്തു.
ദേശീയപാതയിലെ സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെത്തുടർന്നാണ് പൊലീസ് നടപടിയെടുത്തത്. സുജൻപൂർ പൊലീസ് ഇതിൽ നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബൽജിത് സിങിനെക്കൂടാതെ വിക്രംജിത് സിങ്, ബൽവിന്ദർ സിങ്, തരൻപ്രീത് സിങ് എന്നിവർക്കെതിരെയാണ് കേസ്. ഇവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. ഈ ശൃംഖലയുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും ഇതിന് പിന്നിലെ പണമിടപാടുകളെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.
കഴിഞ്ഞ മാസവും സമാനമായ രണ്ട് ചാരസംഘങ്ങളെ പഞ്ചാബ് പൊലീസ് പിടികൂടിയിരുന്നു. ചൈനീസ് നിർമ്മിത, സോളാർ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സി.സി.ടി.വി കാമറകളാണ് ഇവർ സൈനിക കേന്ദ്രങ്ങൾ നിരീക്ഷിക്കാൻ ഉപയോഗിച്ചത്. വൈയറുകളോ വൈദ്യുതിയോ ആവശ്യമില്ലാത്ത, 4ജി കണക്റ്റിവിറ്റിയുള്ള കാമറകളായിരുന്നു ഇവ. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഇതിന്റെ ദൃശ്യങ്ങൾ പാകിസ്ഥാനിലേക്ക് അയച്ചിരുന്നത്.