യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു : തെലങ്കാനയിൽ ടിആർഎസ്‌ നേതാവിന്റെ മകൻ അറസ്‌റ്റിൽ

 

ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യാപേട്ടിൽ 20 വയസുകാരിയായ യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി. മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി രണ്ടുപേർ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ട് പോയതായാണ് പരാതി. 

രണ്ട് ദിവസത്തോളം കൂട്ടബലാൽസംഗം ചെയ്‌തുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്‌) പ്രാദേശിക നേതാവിന്റെ മകനടക്കം രണ്ടുപേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു.

തെലങ്കാനയിലെ മുനിസിപ്പൽ വാർഡ് മെമ്പറുടെ മകനായ ഷെയ്‌ഖ് ഗൗസ് പാഷയും കൂട്ടാളിയായ സായിറാം റെഡ്‌ഡിയുമാണ് അറസ്‌റ്റിലായത്. വെള്ളിയാഴ്‌ച രാത്രി ഒൻപതരയോടെ ആയിരുന്നു യുവതിയെ തട്ടിക്കൊണ്ട് പോയത്. തുടർന്ന് സൂര്യാപേട്ടിലെ കൊഡാഡ് ടൗണിലുള്ള ഒരു വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. 

പ്രതികളുടെ ക്രൂര മർദ്ദനത്തിൽ യുവതിയുടെ ബോധം നഷ്‌ടമായി.
ബോധം തിരിച്ചുകിട്ടിയതിന് പിന്നാലെ തടവിൽ നിന്ന് രക്ഷപെട്ട യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് പോലീസിൽ പരാതി നൽകിയത്.