കോടതി പരിസരത്തെ അറസ്റ്റ് ; ഹൈക്കോടതി മാർഗനിർദേശത്തിൽ ഭേദഗതി വരുത്തി സുപ്രിംകോടതി

 

 തിരുവനന്തപുരം: കോടതി പരിസരങ്ങളിൽ ആളുകളെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ സുപ്രിംകോടതി ഭേദഗതി വരുത്തി. തിരിച്ചറിയാവുന്ന (കോഗ്‌നിസബിൾ) കുറ്റകൃത്യം സംഭവിക്കുന്നതായി കണ്ടാൽ പോലിസിന് ഇനി മുതൽ കോടതി പരിസരത്തുതന്നെ പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കുറ്റകൃത്യം നടത്തിയ ഉടൻ പ്രതിയെയോ പ്രതിയെന്ന് സംശയിക്കുന്നയാളെയോ സ്ഥലത്തുവച്ച് തന്നെ പിടികൂടേണ്ട സാഹചര്യം ഉണ്ടാകുകയോ, പ്രതി കോടതി പരിസരത്ത് ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടാകുകയോ ചെയ്താൽ പോലിസിന് ഇടപെടാൻ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ കേരള പോലിസ് ഓഫീസേഴ്‌സ് അസോസിയേഷൻ നൽകിയ അപ്പീലിലാണ് സുപ്രിംകോടതിയുടെ നിർണായക വിധി.

പോലിസും അഭിഭാഷകരും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ രൂപീകരിക്കാനിരിക്കുന്ന പെർമനന്റ് കമ്മിറ്റിയിൽ ഒരു പോലിസ് ഓഫീസറെ കൂടി ഉൾപ്പെടുത്തണമെന്നും സുപ്രിംകോടതി നിർദേശിച്ചു. അഭിഭാഷക സംഘടന നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 2025 ആഗസ്റ്റ് 19നാണ് കോടതി പരിസരത്ത് പോലിസ് അറസ്റ്റ് നടത്തരുതെന്നുള്ള പുതിയ മാർഗനിർദേശം ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇത് പോലിസ് പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പോലിസ് ഓഫീസേഴ്‌സ് അസോസിയേഷൻ കക്ഷി ചേർന്ന് അപ്പീൽ നൽകിയത്. കോടതി പരിസരത്ത് അറസ്റ്റിന് ഹൈക്കോടതി നൽകിയ നിയന്ത്രണം പോലിസ് ഉദ്യോഗസ്ഥരുടെ ക്രമസമാധാന ചുമതലകളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. അതിനാൽ ഗൗരവകരമായ സാഹചര്യങ്ങളിൽ മുൻകൂർ അനുമതി ഇല്ലാതെ തന്നെ പോലിസിന് അറസ്റ്റ് നടത്താമെന്ന് കോടതി വ്യക്തമാക്കി.

ഇതിനിടെ, പോലിസും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ രൂപീകരിക്കുന്ന പെർമനന്റ് കമ്മിറ്റിയിൽ അഭിഭാഷക പ്രതിനിധികൾ മാത്രമുണ്ടെങ്കിൽ നീതിപൂർവമായ നിലപാട് ഉണ്ടാകില്ലെന്നായിരുന്നു പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് സമിതിയിൽ ഒരു പോലിസ് ഓഫീസറെ കൂടി ഉൾപ്പെടുത്താൻ സുപ്രിംകോടതി നിർദേശം നൽകിയിരിക്കുന്നത്. കമ്മിറ്റിയുടെ പ്രവർത്തനം പോലിസ് അന്വേഷണങ്ങളിലോ നിയമപരമായി നൽകിയിരിക്കുന്ന അധികാരങ്ങളിലോ ഇടപെടാൻ പാടില്ലെന്നും സുപ്രിംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരള പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി സി ആർ ബിജു പ്രതികരിച്ചതനുസരിച്ച്, കോടതി പരിസരത്ത് തൽക്ഷണം അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങൾ വ്യക്തമാക്കിയതിലൂടെ പോലിസ് പ്രവർത്തനങ്ങൾക്ക് തടസമില്ലാത്ത സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ജഡീഷ്യൽ ഉദ്യോഗസ്ഥർ, അഭിഭാഷകർ, പൊതുജനങ്ങൾ എന്നിവർക്കെതിരേ ആക്രമണം നടന്നാലും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ ഇനി നിയമപരമായ തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.