റെയിൽ പാളത്തിന് സമീപത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 37കാരനെ കല്ലിനടിച്ച് കൊന്ന രണ്ട് പേർ പിടിയിൽ

തെക്ക് പടിഞ്ഞാറൻ ദില്ലിയിൽ  37കാരൻ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ.  ഞായറാഴ്ചയാണ് തെക്ക് കിഴക്കൻ ദില്ലിയിലെ ഓഖ്ലയിൽ കുംഹാർ മൊഹല്ല സ്വദേശിയായ സുരേന്ദർ എന്നയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

 

ദില്ലി: തെക്ക് പടിഞ്ഞാറൻ ദില്ലിയിൽ  37കാരൻ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ.  ഞായറാഴ്ചയാണ് തെക്ക് കിഴക്കൻ ദില്ലിയിലെ ഓഖ്ലയിൽ കുംഹാർ മൊഹല്ല സ്വദേശിയായ സുരേന്ദർ എന്നയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഓഖ്ലയിലെ റെയിൽവേ പാളത്തിന് സമീപത്തായാണ് 37കാരന്റെ മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയിലും കല്ലുകൊണ്ടുള്ള അടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

പരിസരത്തെ സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കിടന്നതിന് സമീപത്തായി സംശയകരമായ സാഹചര്യത്തിൽ കിടക്കുന്ന ബൈക്ക് പൊലീസ് കണ്ടെത്തിയത്. നവംബർ 23ന് രാത്രി 11.51 മുതൽ സിസിടിവിയിൽ കണ്ട മോട്ടോർ സൈക്കിളിന്റെ ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് രാത്രി ഇതുവഴിയേ വരുന്നതിനിടയിൽ വലിയ രീതിയിലുള്ള നിലവിളി കേട്ടതോടെ ബൈക്ക് ഉപേക്ഷിച്ച് പോയതാണെന്നാണ് ബൈക്കിലെത്തിയവർ പറഞ്ഞത്. രണ്ട് പേർ ഓടിപ്പോകുന്നത് കണ്ടതായും ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനേ തുടർന്നുള്ള അന്വേഷണത്തിലാണ് കൗമാരക്കാ‍‍‍‍‍‍ർ പിടിയിലായത്. 

ബിഹാർ സ്വദേശികളായ കൗമാരക്കാ‍‍‍‍‍‍രാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാളെ കൊന്നതാണെന്ന് കൗമാരക്കാ‍‍‍‍‍‍ർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. റെയിൽവേ പാളത്തിന് സമീപത്ത് മൂത്രമൊഴിക്കാനായി പോയത് ഇവിടെയുണ്ടായിരുന്ന ഇയാൾ ചോദ്യം ചെയ്തതായും ഇതിന് പിന്നാലെയുണ്ടായ വാക്കേറ്റത്തിനിടയിൽ ആക്രമിക്കുകയായിരുന്നുവെന്നുമാണ് ഇവർ പൊലീസിന് നൽകിയ മൊഴി.