കശ്മീരിൽ ഒളിവിലായിരുന്ന ലഷ്കർ ഭീകരനെ സൈന്യം വധിച്ചു

 

 ജമ്മു കശ്മീരിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. അഞ്ച് ദിവസമായി ഒളിവിലായിരുന്ന ഭീകരനെ തെക്കൻ കശ്മീരിലെ സൈദ്‌പോര മേഖലയിൽ നിന്നാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടലിന് ശേഷം ഭീകരൻ ഉപയോഗിച്ചിരുന്ന ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു.

അഞ്ച് ദിവസം മുൻപ് പ്രദേശത്തെ ഒരു തോട്ടത്തിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളിൽ രണ്ട് ഭീകരരുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് സൈന്യം പരിശോധന ശക്തമാക്കിയത്. ലഷ്കർ കമാൻഡർ സാക്കിർ ഗനിയും സഹായി ലത്തീഫ് ഭട്ടും ഈ മേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈന്യം പ്രദേശം വളഞ്ഞ് തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഛന്നപോര മേഖലയിലൂടെ ഇവർ നീങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കൂടി ലഭിച്ചതോടെ ഓപ്പറേഷൻ ഊർജ്ജിതമാക്കി.

ജമ്മു കശ്മീർ പോലീസ്, രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായാണ് ഭീകരവേട്ട നടത്തിയത്. സൈന്യം ഭീകരർക്ക് അടുത്തേക്ക് നീങ്ങിയപ്പോൾ ഇരുഭാഗത്തുനിന്നും കനത്ത വെടിവെപ്പുണ്ടായി. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള നടപടികൾ സൈന്യം തുടരുകയാണ്.