ചിക്കമഗളൂരു വനത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
ബംഗളൂരു: ചിക്കമഗളൂരു വനത്തിൽ നടത്തിയ തിരച്ചിലിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കൊപ്പ താലൂക്കിലെ കിത്തലെഗുളി വനമേഖലയിൽനിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.
ബംഗളൂരു: ചിക്കമഗളൂരു വനത്തിൽ നടത്തിയ തിരച്ചിലിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കൊപ്പ താലൂക്കിലെ കിത്തലെഗുളി വനമേഖലയിൽനിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.
ഒരു എ.കെ 56 റൈഫിൾ, രണ്ട് 303 തോക്കുകൾ, ഒരു 12 ബോർ എസ്.ബി.ബി.എൽ ഗൺ, ഒരു നാടൻ തോക്ക്, 176 തിരകൾ എന്നിവയാണ് കണ്ടെടുത്തത്. ഇവ കീഴടങ്ങിയ മാവോവാദികൾ ഉപേക്ഷിച്ചതാണോ എന്നത് സംബന്ധിച്ച് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ചിക്കമഗളൂരു എസ്.പി വിക്രം അമാത്തെ പറഞ്ഞു. ചില ആയുധങ്ങളിൽ മാവോവാദികളുടേതെന്ന് കരുതുന്ന ചിഹ്നങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂയെന്നും എസ്.പി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജയപുര പൊലീസ് ഇൻസ്പെക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ആയുധനിയമത്തിലെ മൂന്ന്, ഏഴ്, 25 (ഒന്ന് ബി), 25 (ഒന്ന് എ) വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.