പടക്കം പൊട്ടിക്കുന്നതിനിടെ തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷകനായ ജവാന് വെടിയേറ്റു

ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് രാഷ്ട്രപതിയുടെ അംഗരക്ഷകനായ ജവാന് വെടിയേറ്റു. രാഷ്ട്രപതി ഭവനിലെ സുരക്ഷാ വിഭാഗമായ കുതിരപ്പടയിലെ (President's Bodyguard) സേനാംഗമായ സൗരഭ് തോമറിനാണ് (26) തലയിൽ വെടിയേറ്റത്. ഉത്തർപ്രദേശിലെ ബാഗപത് ജില്ലയിലുള്ള ഗോപാൽപൂർ ഖദാന ഗ്രാമത്തിൽ ദീപാവലി അവധിക്ക് നാട്ടിലെത്തിയതായിരുന്നു സൗരഭ്.

 

മീററ്റ്: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് രാഷ്ട്രപതിയുടെ അംഗരക്ഷകനായ ജവാന് വെടിയേറ്റു. രാഷ്ട്രപതി ഭവനിലെ സുരക്ഷാ വിഭാഗമായ കുതിരപ്പടയിലെ (President's Bodyguard) സേനാംഗമായ സൗരഭ് തോമറിനാണ് (26) തലയിൽ വെടിയേറ്റത്. ഉത്തർപ്രദേശിലെ ബാഗപത് ജില്ലയിലുള്ള ഗോപാൽപൂർ ഖദാന ഗ്രാമത്തിൽ ദീപാവലി അവധിക്ക് നാട്ടിലെത്തിയതായിരുന്നു സൗരഭ്.

വീടിന് പുറത്ത് സഹോദരങ്ങൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ അയൽക്കാരായ ധീരജ്, മോനു എന്നിവരുമായി വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ ധീരജ് നാടൻ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ചുമരിൽ തട്ടിത്തെറിച്ച വെടിയുണ്ട സൗരഭിന്റെ തലയുടെ പിൻഭാഗത്ത് തുളച്ചുകയറുകയായിരുന്നു. ഉടൻ തന്നെ സൗരഭിനെ ബറോത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് മീററ്റിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ തലയിൽനിന്ന് വെടിയുണ്ട പുറത്തെടുത്തിട്ടുണ്ട്. സൗരഭിന്റെ നില നിലവിൽ തൃപ്തികരമായി തുടരുന്നതായി പോലീസ് അറിയിച്ചു.2021-ലാണ് സൗരഭ് കരസേനയിൽ ചേർന്നത്. സംഭവത്തിൽ പ്രതികളായ ധീരജ്, മോനു എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.