'ബാഹുബലിയാകാൻ നോക്കുകയാണോ?'; ബീഹാർ സെഷൻസ് ജഡ്ജിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

നടപടിക്രമങ്ങൾ ലംഘിച്ച് പൊലീസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിയെടുത്ത ബീഹാർ സെഷൻസ് ജഡ്ജിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. "നിങ്ങൾ ബാഹുബലിയാകാൻ നോക്കുകയാണോ?" എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, ജഡ്ജിക്ക് ജുഡീഷ്യൽ അക്കാദമിയിൽ കൂടുതൽ പരിശീലനം നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

 

ന്യൂഡൽഹി: നടപടിക്രമങ്ങൾ ലംഘിച്ച് പൊലീസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിയെടുത്ത ബീഹാർ സെഷൻസ് ജഡ്ജിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. "നിങ്ങൾ ബാഹുബലിയാകാൻ നോക്കുകയാണോ?" എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, ജഡ്ജിക്ക് ജുഡീഷ്യൽ അക്കാദമിയിൽ കൂടുതൽ പരിശീലനം നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

വ്യാജതെളിവ് നൽകിയ ആൾക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് പാലിച്ചില്ലെന്ന പേരിലാണ് സെഷൻസ് ജഡ്ജി പൊലീസ് ഉദ്യോഗസ്ഥന് ഒരു രൂപ പിഴ വിധിച്ചത്. ഇതിനെ വിമർശിച്ച പട്‌ന ഹൈക്കോടതി ഉത്തരവിനെതിരെ ജഡ്ജി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശങ്ങൾ.

കേസിലെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിലൂടെ ജഡ്ജി അധികാരപരിധി മറികടന്നതായി കോടതി നിരീക്ഷിച്ചു. നിയമത്തെക്കുറിച്ചുള്ള ജഡ്ജിയുടെ അറിവ് ഞെട്ടിക്കുന്നതാണെന്നും, അമിതാവേശവും സാഹസികതയും അവസാനിപ്പിച്ച് സ്വന്തം അധികാരപരിധി എന്താണെന്ന് മനസ്സിലാക്കണമെന്നും ബെഞ്ച് താക്കീത് നൽകി. തുടർന്ന്, വിഷയം അനുഭാവപൂർവ്വം പരിഗണിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാൻ അനുമതി നൽകി സുപ്രീം കോടതി ഹർജി തീർപ്പാക്കി.