അന്നയുടെ മരണം: പൂനെയിലെ ഇവൈ കമ്പനി പ്രവര്‍ത്തിച്ചത് നിയമാനുസൃത രജിസ്‌ട്രേഷനില്ലാതെ

മഹാരാഷ്ട്ര ലേബര്‍ കമ്മീഷണര്‍ ശൈലേന്ദ്ര പോള്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
 

അമിത ജോലിഭാരത്താല്‍ 26കാരി അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന് പിന്നാലെ ഇ വൈ കമ്പനിക്ക് നിയമപ്രകാരമുള്ള രജ്‌സിട്രേഷന്‍ ഇല്ലെന്ന് മഹാരാഷ്ട്ര ലേബര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. 2007 മുതല്‍ സംസ്ഥാനത്ത് ഇ വൈ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ 2024ലാണ് രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയതെന്നും ലേബര്‍ കമ്മീഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാരാഷ്ട്ര ലേബര്‍ കമ്മീഷണര്‍ ശൈലേന്ദ്ര പോള്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

പൂനെയിലെ ഇവൈ കമ്പനി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നുവെന്നും ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രാകരമുള്ള രജിസ്‌ട്രേഷന്‍ സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തിയെന്നും മഹാരാഷ്ട്ര ലേബര്‍ കമ്മീഷണര്‍ ശൈലേന്ദ്ര പോള്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ വൈകിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്പനിക്ക് ഏഴ് ദിവസത്തെ അവധി നല്‍കിയിട്ടുണ്ട്. പരമാവധി ഒമ്പത് മണിക്കൂര്‍ മാത്രമാണ് ജീവനക്കാരെ പ്രതിദിനം ജോലി ചെയ്യിപ്പിക്കാന്‍ അനുവാദമുള്ളൂ. ആഴ്ചയില്‍ 48 മണിക്കൂറാണ് ജോലി ചെയ്യിക്കാന്‍ അനുമതി.

നിയം പാലിക്കാത്തത് ഒരു ജീവനക്കാരന് ശാരീരിക പ്രയാസമുണ്ടാക്കുകയോ മരണത്തിലേക്ക് വഴിവെക്കുകയോ ചെയ്താല്‍ ആറ് മാസം വരെ തടവോ അഞ്ച് ലക്ഷം രൂപ പിഴയോ ചുമത്തിയേക്കാം. നേരത്തെ ജീവനക്കാരുടെ ക്ഷേമത്തിനാണ് പ്രാധാന്യമെന്നും അന്നയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തുന്നുവെന്നും കമ്പനി വക്താവ് പറഞ്ഞിരുന്നു.