പൊതു അജണ്ടയുമായി താൻ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കും; പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് തുടക്കം കുറിക്കാൻ അണ്ണാമലൈ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങളെയും വ്യക്തിപൂജാ ശൈലികളെയും വെല്ലുവിളിച്ചുകൊണ്ട് പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് തുടക്കം കുറിക്കാൻ അണ്ണാമലൈ . എല്ലാവരെയും ഉൾക്കൊള്ളുന്ന പൊതു അജണ്ടയുമായി താൻ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുകയാണെന്നും, അത് പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറി തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന അടുത്ത ലോകസഭാ (പാർലമെന്റ്) തെരഞ്ഞെടുപ്പിൽ സജീവമായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു

 

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങളെയും വ്യക്തിപൂജാ ശൈലികളെയും വെല്ലുവിളിച്ചുകൊണ്ട് പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് തുടക്കം കുറിക്കാൻ അണ്ണാമലൈ . എല്ലാവരെയും ഉൾക്കൊള്ളുന്ന പൊതു അജണ്ടയുമായി താൻ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുകയാണെന്നും, അത് പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറി തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന അടുത്ത ലോകസഭാ (പാർലമെന്റ്) തെരഞ്ഞെടുപ്പിൽ സജീവമായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ ഭാവി രാഷ്ട്രീയ നയരേഖ വ്യക്തമാക്കിയത്.

താൻ രൂപീകരിക്കാൻ പോകുന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളാൽ നയിക്കപ്പെടുന്ന ഒന്നായിരിക്കില്ലെന്നും, മറിച്ച് സാധാരണ ജനങ്ങളാൽ നയിക്കപ്പെടുന്ന ഒന്നായിരിക്കുമെന്നും അണ്ണാമലൈ പ്രതിജ്ഞ ചെയ്തു. രാഷ്ട്രീയം എന്നത് ഏതെങ്കിലും ഒരു പ്രത്യേക കുടുംബത്തിന്റെ മാത്രം സ്വത്തല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇവിടെ നിലനിൽക്കുന്ന സ്ഥിരമായ നേതാക്കൾ, എംപിമാർ, എംഎൽഎമാർ എന്ന രീതിയിലുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ തങ്ങൾ പൂർണ്ണമായി തകർക്കുമെന്നും അവകാശപ്പെട്ടു. തമിഴ്‌നാട്ടിൽ നിലനിൽക്കുന്ന വ്യക്തിപൂജാ രാഷ്ട്രീയത്തിൽ നിന്നും പുറത്തുകടന്ന് സാധാരണക്കാരന്റെ രാഷ്ട്രീയം സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യം. ഭാവിയിലേക്ക് ആവശ്യമായ നിരവധി പുതിയ നേതാക്കളെയും കേഡർമാരെയും വാർത്തെടുക്കുകയാണ് തന്റെ പുതിയ പ്രസ്ഥാനം വഴി അദ്ദേഹം ലക്ഷ്യമിടുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന കാലത്ത് തന്റെ കർക്കശമായ പോലീസ് നടപടികളിലൂടെ 'സിങ്കം' എന്ന പേരിൽ ജനപ്രിയനായ അണ്ണാമലൈ, ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്ത് തന്റെ ആക്രമണാത്മക രാഷ്ട്രീയ ശൈലിയിലൂടെയാണ് ദ്രാവിഡ പാർട്ടികളെ നേരിട്ട് വെല്ലുവിളിച്ചത്. ഡിഎംകെയെ ലക്ഷ്യമിട്ട് അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് 'ഡിഎംകെ ഫയലുകൾ' പുറത്തുവിട്ടതിലൂടെ അദ്ദേഹം വലിയ ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ അന്തരിച്ച അണ്ണാഡിഎംകെ സുപ്രീം നേതാവ് ജെ. ജയലളിതയ്ക്കെതിരെ അഴിമതിക്കേസിലെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് അണ്ണാമലൈ നടത്തിയ പരാമർശങ്ങളും, മധുരയിൽ നടന്ന ഒരു പരിപാടിയിൽ ദ്രാവിഡ നേതാവ് സി.എൻ. അണ്ണാദുരൈ ഹിന്ദുത്വത്തെ അപമാനിച്ചുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതേത്തുടർണാണ് ബിജെപിയുമായുള്ള സഖ്യം അണ്ണാഡിഎംകെ പൂർണ്ണമായി ഉപേക്ഷിക്കുന്നത്.

അണ്ണാമലൈയുടെ ഈ പുതിയ രാഷ്ട്രീയ പ്രഖ്യാപനത്തോട് തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികൾ വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുന്നത്. അണ്ണാമലൈ ബിജെപിയുടെ ബി-ടീം അല്ലെന്നും, കാവി പാർട്ടിയുടെ നേരിട്ടുള്ള 'ഡയറക്ട് ടീം' ആയിട്ടായിരിക്കും ഇനി പ്രവർത്തിക്കുകയെന്നും ഡിഎംകെ. നേതാവ് എംഎം അബ്ദുള്ള ആരോപിച്ചു. എന്നാൽ അണ്ണാമലൈയുടെ തീരുമാനത്തെ പൂർണ്ണമായി സ്വാഗതം ചെയ്ത എം.ഡി.എം.കെ. നേതാവ് ദുരൈ വൈകോ, തന്റെ സഹോദരന് എല്ലാ വിജയങ്ങളും ആശംസിക്കുന്നതായും അദ്ദേഹം തമിഴകത്തിന്റെ ദ്രാവിഡ പ്രത്യയശാസ്ത്രവുമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട് ബിജെപി അധ്യക്ഷ പദവിയിൽ നിന്നും മാറിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ പതിനെട്ട് മാസത്തോളമായി പാർട്ടി നേതൃത്വവുമായി താൻ ചർച്ചകൾ നടത്തിവരികയായിരുന്നുവെന്ന് അണ്ണാമലൈ വെളിപ്പെടുത്തി. നേരത്തെ തന്നെ പാർട്ടി വിടാനുള്ള താല്പര്യം താൻ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ അസംബ്ലി തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചില ജോലികൾ പൂർത്തിയാക്കാൻ പാർട്ടി ആവശ്യപ്പെടുകയും, ഒരു യഥാർത്ഥ പ്രവർത്തകനെപ്പോലെ താൻ ആ നിർദ്ദേശം അനുസരിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.