അങ്കണവാടി ജീവനക്കാരെ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രം

 
teacher

ഡല്‍ഹി: അങ്കണവാടി ജീവനക്കാരെ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവരെ സ്ഥിരം ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കേന്ദ്ര വനിത-ശിശു ക്ഷേമ വകുപ്പ് സഹമന്ത്രി ലോക്സഭയില്‍ അറിയിച്ചു. അടൂര്‍ പ്രകാശ് എം.പിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു കേന്ദ്ര മന്ത്രി.അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം വര്‍ധിപ്പിക്കുന്നതിന് നിലവില്‍ നിര്‍ദ്ദേശമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സര്‍വീസസ് (ഐസിഡിഎസ്) പ്രകാരം അങ്കണവാടി ജീവനക്കാരെയും (എഡബ്ല്യുഡബ്ല്യു) സഹായികളെയും (എഡബ്ല്യുഎച്ച്) നിയമിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഒരു നയം രൂപീകരിക്കണമെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ നവംബറിലായിരുന്നു ജസ്റ്റിസ് നിഖില്‍ എസ് കരിയേലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ നിരീക്ഷണം.

അങ്കണവാടി ജീവനക്കാരും സഹായികളും സംസ്ഥാന സിവില്‍ സര്‍വീസുകളുടെ ഭാഗമല്ലെങ്കിലും, വിദ്യാഭ്യാസ അവകാശ നിയമത്തിനും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനും കീഴിലുള്ള ഭാരിച്ച നിയമപരമായ കടമകള്‍ അവര്‍ നിര്‍വഹിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. അവരെ അംഗീകരിക്കാന്‍ സംസ്ഥാനങ്ങള്‍ വിസമ്മതിക്കുന്നുവെന്നും കോടതി നീരീക്ഷിച്ചിരുന്നു.