പെന്‍ഷന്‍ അക്കൗണ്ട് പരിശോധിച്ച 82 കാരന്‍ ഞെട്ടി ; ബാങ്കില്‍ ബാലന്‍സ് 759 കോടി
ഇത് ബാങ്കിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക പിഴവാകാമെന്നാണ് കുടുംബം കരുതുന്നത്.
മുസാഫര്‍പൂര്‍ സ്വദേശിയായ കാമേശ്വര്‍ മിശ്ര തന്റെ വാര്‍ദ്ധക്യകാല പെന്‍ഷന്‍ വാങ്ങുന്നതിനായി ജനസേവ കേന്ദ്രത്തില്‍ എത്തിയതായിരുന്നു
പെന്‍ഷന്‍ വാങ്ങാനെത്തിയ വയോധികന്റെ അക്കൗണ്ടില്‍ ബാങ്ക് ബാലന്‍സായി കാണിച്ചത് 759 കോടിയിലധികം രൂപ. മുസാഫര്‍പൂര്‍ സ്വദേശിയായ 82-കാരനായ കാമേശ്വര്‍ മിശ്രയ്ക്കാണ് തന്റെ പെന്‍ഷന്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ കണ്‍മുന്നില്‍ തെളിഞ്ഞ കോടികളുടെ ബാലന്‍സ് കണ്ട് ഞെട്ടിയത്. മുസാഫര്‍പൂര്‍ സ്വദേശിയായ കാമേശ്വര്‍ മിശ്ര തന്റെ വാര്‍ദ്ധക്യകാല പെന്‍ഷന്‍ വാങ്ങുന്നതിനായി ജനസേവ കേന്ദ്രത്തില്‍ എത്തിയതായിരുന്നു. ഭിന്നശേഷി പെന്‍ഷന്‍ വാങ്ങുന്ന മകനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പെന്‍ഷന്‍ തുക പിന്‍വലിച്ചതിന് ശേഷം അക്കൗണ്ടിലെ ബാക്കി ബാലന്‍സ് പരിശോധിക്കാന്‍ കാമേശ്വര്‍ മിശ്ര സിഎസ്സി ഓപ്പറേറ്ററോട് ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്താണ് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ 759,69,51,951 രൂപ (759 കോടിയിലധികം രൂപ) ബാലന്‍സായി കാണിച്ചത്.
സംശയം തോന്നി മകന്റെ അക്കൗണ്ട് പരിശോധിച്ചപ്പോഴും സമാനമായ രീതിയില്‍ വലിയ തുക സ്‌ക്രീനില്‍ തെളിഞ്ഞു. ഇരു അക്കൗണ്ടുകളിലുമായി ആകെ 1,500 കോടിയിലധികം രൂപയാണ് കാണിച്ചത്. തുക കണ്ട് കാമേശ്വര്‍ മിശ്രയും സിഎസ്സി ഓപ്പറേറ്ററും ഒരുപോലെ അമ്പരന്നു. ഇത് ബാങ്കിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക പിഴവാകാമെന്നാണ് കുടുംബം കരുതുന്നത്. ഇത്രയും വലിയ തുക എവിടെ നിന്നാണ് വന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, ഈ തെറ്റ് പരിശോധിച്ച് പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും കാമേശ്വര്‍ മിശ്ര വ്യക്തമാക്കി. വിവരം ലഭിച്ചതനുസരിച്ച് ബാങ്ക് അധികൃതര്‍ ഇടപെടുകയും, മിനിറ്റുകള്‍ക്കകം രണ്ട് അക്കൗണ്ടുകളില്‍ നിന്നും ഈ തുക അപ്രത്യക്ഷമാവുകയും ചെയ്തു.