അംഗീകാര നിറവിൽ അമൃത സർവകലാശാല; ബ്ലൂ ഈസ് ദ ന്യൂ പിങ്ക്' പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം,
ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ എൻവയോൺമെന്റൽ ഫെസിലിറ്റിയുടേതാണ് പുരസ്കാരം.
ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന ഇരുപത്തിയഞ്ചാമത് ലോക സുസ്ഥിര വികസന ഉച്ചകോടിയിൽ അമൃത സർവകലാശാലക്ക് അംഗീകാരം. ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ എൻവയോൺമെന്റൽ ഫെസിലിറ്റിയുടേതാണ് പുരസ്കാരം. അമൃത സർവ്വകലാശാലയ്ക്ക് കീഴിലുള്ള സെന്റർ ഫോർ വിമൻസ് എംപവർമെന്റ് ആന്റ് ജെൻഡർ ഇക്വാലിറ്റി, അമ്മച്ചി ലാബ്സ് (അമൃത മൾട്ടി മോഡൽ ആപ്പ്ളിക്കേഷൻസ് ആന്റ് ഹ്യൂമൻ കമ്പ്യൂട്ടർ ഇന്ററാക്ഷൻ) എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന "ബ്ലൂ ഈസ് ദ ന്യൂ പിങ്ക്" എന്ന ഓഷ്യൻ ഫാമിംഗ് പ്രോജക്റ്റാണ് എസ് ജി പി 'ബെസ്റ്റ് ഇന്നൊവേറ്റർ പുരസ്കാരത്തിന് അർഹമായത്.
ന്യൂഡൽഹിയിലെ താജ് പാലസിൽ നടന്ന ചടങ്ങിൽ സർവ്വകലാശാലക്കുവേണ്ടി പ്രോജക്ട് ഡയറക്ടർ ഡോ. ഭവാനി ആർ റാവു പുരസ്കാരം ഏറ്റുവാങ്ങി. താഴെത്തട്ടിലുള്ള സ്ത്രീകൾ നയിക്കുന്ന കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള വിഭാഗത്തിൽ പരിസ്ഥിതി സംരക്ഷണ രംഗത്തെ നൂതനമായ ഇടപെടലുകൾ കണക്കിലെടുത്താണ് പുരസ്കാരം. കടൽപ്പായൽ ഉൾപ്പെടെയുള്ള സമുദ്ര വിഭവങ്ങൾ പ്രയോജനപ്പെടുത്തി തീരദേശ സ്ത്രീകളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താനും ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. കടൽപ്പായൽ കൃഷി നടത്തുകയും ശേഖരിക്കുന്ന കടൽപ്പായൽ ഉപയോഗിച്ച് അച്ചാർ പോലെയുള്ള ഭക്ഷ്യവസ്തുക്കളും സോപ്പ് പോലെയുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും നിർമ്മിച്ച് വിപണിയിലെത്തിക്കുകയാണ് പദ്ധതിയിലൂടെ വനിതകളുടെ സംഘം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി 2.8 ഹെക്ടറോളം കടൽപ്പായൽ പുനർനിർമ്മിക്കുകയും 12 കിലോമീറ്ററോളം കടൽതതീരം വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. നീന്തൽ മുതൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വരെ സർവ്വകലാശാല വനിതകളെ പരിശീലിപ്പിക്കുന്നുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, യു എൻ ഡി പി, ടെറി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സർവകലാശാലയുടെ ചാൻസലർ കൂടിയായ മാതാ അമൃതാനന്ദമയി ദേവിയുടെ മാർഗ്ഗനിർദ്ദേശങ്ങളും, പ്രോജക്ട് ഡയറക്ടർ ഡോ. ഭവാനി ആർ റാവുവിന്റെ നേതൃത്വവുമാണ് ഈ വിജയത്തിന് പിന്നിലെന്നും ഉച്ചകോടിയുടെ സിൽവർ ജൂബിലി വർഷത്തിൽ ലഭിച്ച ഈ പുരസ്കാരം ഏറെ അഭിമാനകരമാണെന്നും ടീം അംഗങ്ങൾ പറഞ്ഞു. ഈ അംഗീകാരം വരും വർഷങ്ങളിൽ കൂടുതൽ സ്ത്രീകളെ കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരാൻ പ്രചോദനമാകുമെന്നും അമൃത സെന്റർ ഫോർ വിമൻസ് എംപവർമെന്റ് വക്താക്കൾ അറിയിച്ചു.