യാത്രക്കാർക്ക് ആശ്വാസം; എസി കോച്ചുകളുള്ള പുതിയ അമൃത് ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചു

ഇന്ത്യൻ റെയിൽവേയുടെ അമൃത് ഭാരത് എക്സ്പ്രസ് 3.0 വിഭാഗത്തിൽപ്പെട്ട ആദ്യ എസി കോച്ചുകളുള്ള ട്രെയിൻ ന്യൂഡൽഹി–പട്ന റൂട്ടിൽ സർവീസ് ആരംഭിച്ചു. ഛഠ് പൂജയുമായി ബന്ധപ്പെട്ട യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക സർവീസായി ട്രെയിൻ ആരംഭിച്ചത്. നവംബർ 11 അർധരാത്രിയോടെയാണ് ന്യൂഡൽഹി സ്റ്റേഷനിൽനിന്ന് ട്രെയിൻ പുറപ്പെട്ടത്.

 

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയുടെ അമൃത് ഭാരത് എക്സ്പ്രസ് 3.0 വിഭാഗത്തിൽപ്പെട്ട ആദ്യ എസി കോച്ചുകളുള്ള ട്രെയിൻ ന്യൂഡൽഹി–പട്ന റൂട്ടിൽ സർവീസ് ആരംഭിച്ചു. ഛഠ് പൂജയുമായി ബന്ധപ്പെട്ട യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക സർവീസായി ട്രെയിൻ ആരംഭിച്ചത്. നവംബർ 11 അർധരാത്രിയോടെയാണ് ന്യൂഡൽഹി സ്റ്റേഷനിൽനിന്ന് ട്രെയിൻ പുറപ്പെട്ടത്.

പുതിയ ട്രെയിനിൽ എസി, സ്ലീപ്പർ, ജനറൽ കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത സാമ്പത്തിക സാഹചര്യങ്ങളിലുള്ള യാത്രക്കാർക്ക് ഒരേ ട്രെയിനിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉത്സവകാലത്ത് നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം ലഭിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.

ഛഠ് പൂജയോടനുബന്ധിച്ച് ഡൽഹി മേഖലയിൽനിന്ന് അധിക ട്രെയിനുകളും റെയിൽവേ ക്രമീകരിച്ചിട്ടുണ്ട്. നവംബർ 12-ന് 29 പ്രത്യേക ട്രെയിനുകൾ കൂടി സർവീസ് നടത്തുമെന്ന് നോർത്ത് റെയിൽവേ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും ദീർഘദൂര യാത്ര കൂടുതൽ സുഗമമാക്കാനും ഈ ക്രമീകരണങ്ങൾ സഹായിക്കും.