അൽപം വൈകിയാണെങ്കിലും ശക്തമായ ചുവടുവെപ്പാണ് ഇന്ത്യ സെമികണ്ടക്ടർ മേഖലയിൽ നടത്തിയത് ; അമിത് ഷാ 

 

ഭോപാൽ: അൽപം വൈകിയാണെങ്കിലും ശക്തമായ ചുവടുവെപ്പാണ് ഇന്ത്യ സെമികണ്ടക്ടർ മേഖലയിൽ നടത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉടൻ തന്നെ സെമികണ്ടക്ടർ വ്യവസായത്തിൽ ഇന്ത്യ സ്വാശ്രയത്വം കൈവരിക്കുമെന്നും കയറ്റുമതി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭ്യുദയ മധ്യപ്രദേശ് ഗ്രോത്ത് സമ്മിറ്റിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൗമശാസ്ത്രപരമായി ഒരുപാട് പ്രത്യേകതകൾ ഉള്ള സംസ്ഥാനമാണ് മധ്യപ്രദേശ് എന്നും ഇവിടേക്ക് ചെറിയൊരു തുക പോലും നിക്ഷേപിക്കുന്നത് വഴി കോടിക്കണക്കിന് രൂപ സമ്പാദിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി രംഗത്ത് ഒരുകാലത്ത് പിന്നോക്കം നിന്നിരുന്ന സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. എന്നാൽ ഇന്ന് അത് മാറി. ശുചിത്വത്തിൻറെ കാര്യത്തിലും സംസ്ഥാനം മുഴുവൻ രാജ്യത്തെയും പിന്നിലാക്കിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാർ വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രണ്ട് ലക്ഷം കോടി രൂപയുടെ വ്യാവസായിക പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അമിത് ഷാ നിർവഹിച്ചു. വാജ്പേയി പൊതുജനക്ഷേമത്തിനായി സമർപ്പിതനായ നേതാവായിരുന്നെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളില്ലാത്ത വ്യക്തിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗ്വാളിയോർ മേളയും ഷാ ഉദ്ഘാടനം ചെയ്തു. വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഉച്ചകോടി സംഘടിപ്പിച്ചത്.