പ്രതിപക്ഷത്തിൻറെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാമെന്ന് അമിത് ഷാ
ന്യൂഡൽഹി: നീറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ കേന്ദ്രസർക്കാർ പൂർണ ചർച്ചക്ക് തയാറാണെന്നും പ്രതിപക്ഷം ചർച്ചയിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ച് മൂന്ന് ആഴ്ച പിന്നിട്ടിട്ടും അമിത് ഷാ സഭയിലെത്തിയിരുന്നില്ല. ആഭ്യന്തരമന്ത്രി സഭയിൽ എത്താത്തതിനെ ചൊല്ലി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരുന്നു. ഇതിനിടെയാണ് സഭാനടപടികൾ തടസ്സപ്പെടുന്നതിൽ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി അമിത് ഷാ രംഗത്തെത്തിയത്.
ബുധനാഴ്ച വൈകിട്ട് മൂന്നുമുതൽ വ്യാഴാഴ്ച വൈകിട്ട് മൂന്നുവരെ ചർച്ച നടത്താൻ സർക്കാർ തയാറാണെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം സ്പീക്കർക്ക് ഉച്ച മൂന്നിന് മുമ്പ് കത്ത് നൽകണമെന്നും ചർച്ചക്ക് സർക്കാർ തയാറാണെന്നും അമിത് ഷാ വ്യക്തമാക്കി. സർക്കാരിന് ഒളിച്ചുവെക്കാനൊന്നുമില്ല എന്ന നിലപാടും അമിത് ഷാ ആവർത്തിച്ചു.
‘സമ്മേളനം ആരംഭിച്ചതിനുശേഷം ഞാൻ പതിവായി പാർലമെന്റിൽ വരുന്നു. എന്റെ ചേംബറിൽ ഇരിക്കുന്നു, പക്ഷേ പ്രതിപക്ഷം പാർലമെന്റിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തതിനാൽ ഇരുസഭകളിലും ഒരാൾ എന്തുചെയ്യണം? നമ്മുടെ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നീറ്റ് പ്രതിഷേധങ്ങളെക്കുറിച്ച് പൂർണ്ണമായ ചർച്ചക്ക് സർക്കാർ തയാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമയം നിശ്ചയിക്കാനും പ്രതിപക്ഷം തയാറാകാനും ഞങ്ങൾ ആവശ്യപ്പെട്ടു. അതായിരുന്നു അവരുടെ ആദ്യ ആവശ്യം, ഞങ്ങൾ അത് അംഗീകരിച്ചു. പാർലമെന്റിൽ ഏത് ചോദ്യത്തിനും ഉത്തരം നൽകാൻ തയാറാണെന്ന് ഞാനും പറഞ്ഞു. പക്ഷേ ചർച്ച നടക്കാൻ അവർ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ, ആരാണ് ഒളിച്ചോടുന്നതെന്ന് പൊതുജനങ്ങൾ തീരുമാനിക്കട്ടെ. ഇന്ന് ഉച്ചകഴിഞ്ഞ് 3.00 മണിയോടെ അവർ സ്പീക്കർക്ക് ഒരു കത്ത് സമർപ്പിക്കട്ടെ. ഇന്ന് ഉച്ചകഴിഞ്ഞ് 3.00 മുതൽ നാളെ ഉച്ചകഴിഞ്ഞ് 3.00 വരെ എല്ലാ വശങ്ങളെക്കുറിച്ചും ചർച്ചക്ക് ഞങ്ങൾ തയാറാണ്. ഞാൻ സഭയിൽ ഇരിക്കും. എല്ലാവരുടെയും വാക്കുകൾക്ക് മറുപടി നൽകും, എല്ലാ കാര്യങ്ങളിലും. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ചർച്ച നടക്കാൻ അവർ ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണെന്ന് പോലും ഞാൻ ചർച്ച ചെയ്യും. മോദിജിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ എന്തും ചർച്ച ചെയ്യാൻ തയാറാണ്’ -അമിത് ഷാ പറഞ്ഞു.