അഞ്ച് വർഷം കൂടി തരൂ, നുഴഞ്ഞുകയറ്റക്കാരെ പൂർണ്ണമായും പുറത്താക്കാം ; അമിത് ഷാ
ദിസ്പൂർ: അസമിൽ നിന്നും രാജ്യത്തുനിന്നും അനധികൃത കുടിയേറ്റക്കാരെ പൂർണ്ണമായും പുറത്താക്കാൻ ബിജെപിക്ക് അഞ്ച് വർഷം കൂടി അവസരം നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാഗോണിലെ ബടദ്രവയിൽ 200 കോടി രൂപയുടെ സാംസ്കാരിക പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ചാം നൂറ്റാണ്ടിലെ വൈഷ്ണവ സന്യാസി ശ്രീമന്ത ശങ്കരദേവയുടെ ജന്മസ്ഥലം ആഗോള ആത്മീയ കേന്ദ്രമാക്കി മാറ്റുന്ന പദ്ധതിയാണിത്.
കൈയേറ്റം ഒഴിപ്പിക്കലും വികസനവും ഒരുകാലത്ത് അനധികൃത നുഴഞ്ഞുകയറ്റക്കാർ കൈയടക്കി വച്ചിരുന്ന ശ്രീമന്ത ശങ്കരദേവയുടെ ജന്മസ്ഥലം ബിജെപി സർക്കാർ തിരിച്ചുപിടിച്ചുവെന്ന് അമിത് ഷാ അവകാശപ്പെട്ടു. അസമിലുടനീളം ഒരു ലക്ഷം ബിഗയിലധികം ഭൂമി നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ ഭൂമി തിരിച്ചുപിടിച്ച് സാംസ്കാരിക കേന്ദ്രമാക്കിയതിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ അദ്ദേഹം അഭിനന്ദിച്ചു.
കോൺഗ്രസിനെതിരെ രൂക്ഷവിമർശനം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ അസമിൽ കുടിയിരുത്തിയെന്ന് അമിത് ഷാ ആരോപിച്ചു. കൂടുതൽ ബംഗ്ലാദേശികളെ കൊണ്ടുവരാനായി കോൺഗ്രസ് ഐഎംഡിടി (IMDT) നിയമം നടപ്പിലാക്കിയെന്നും, ഇത് അസമിന്റെ സംസ്കാരത്തെയും സ്വത്വത്തെയും തകർത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.