പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിക്കാന്‍ അമിത് ഷാ അടച്ചിട്ട മുറികളില്‍ യോഗം ചേര്‍ന്നു ; ഉദ്ധവ് താക്കറെ
ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന യുബിടി വിഭാഗം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിക്കാന്‍ അമിത് ഷാ അടച്ചിട്ട മുറികളില്‍ യോഗം ചേര്‍ന്നുവെന്നാണ് താക്കറെയുടെ ആരോപണം. മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അധികാരത്തിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും മറിച്ച് സംസ്ഥാനത്തെ കവര്‍ച്ചക്കാര്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ളതാണെന്നും താക്കറെ പറഞ്ഞു.
'അടുത്തിടെ നാഗ്പൂരിലേക്ക് നടത്തിയ സന്ദര്‍ശനത്തില്‍ ബിജെപി നേതാക്കളുമായി അമിത് ഷാ അടച്ചിട്ട മുറിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പക്കണമെന്നും രാഷ്ട്രീയപരമായി എന്നെയും ശരദ് പവാറിനെയും തകര്‍ക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇത് അടച്ചിട്ട മുറിയിലിരുന്ന് പറയേണ്ട ആവശ്യമെന്താണ്? ഇത് ജനങ്ങളുടെ മുന്‍പില്‍ വെച്ചാണ് ഷാ പറയേണ്ടത്', ഉദ്ധവ് താക്കറെ പറഞ്ഞു.
രാഷ്ട്രീയപരമായി എന്നെയും ശരദ് പവാറിനെയും തകര്‍ക്കണമെന്ന് പറയുന്നതിന് പിന്നിലെ ഉദ്ദേശ്യം മഹാരാഷ്ട്രയെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് പതിറ്റാണ്ട് നീണ്ട ശിവസേനയെ ബിജെപി തകര്‍ത്തു. എന്നിരുന്നാലും ശിവസേനയ്ക്ക് 63 സീറ്റ് നേടാനായെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.