അസമിലെ കോൺഗ്രസിന്റെ 20 വർഷത്തെ ഭരണകാലത്ത് സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു : അമിത് ഷാ
അസമിലെ കോൺഗ്രസിന്റെ 20 വർഷത്തെ ഭരണകാലത്ത് സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി ഏകദേശം 64 ലക്ഷം നുഴഞ്ഞുകയറ്റക്കാരുണ്ടെന്നും
അസമിലെ കോൺഗ്രസിന്റെ 20 വർഷത്തെ ഭരണകാലത്ത് സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി ഏകദേശം 64 ലക്ഷം നുഴഞ്ഞുകയറ്റക്കാരുണ്ടെന്നും ഇവർ തദ്ദേശീയരുടെ മേൽ മേൽക്കൈ നേടിയതായും അദ്ദേഹം കുറ്റപ്പെടുത്തി. ധേമാജിയിൽ നടന്ന പൊതുജനറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധുബ്ര, ബാർപേട്ട, ദാരാംഗ്, മൊറിഗാവ്, ബൊംഗായ്ഗാവ്, നാഗോൺ, ഗോവൽപ്പാറ എന്നീ ജില്ലകളിൽ നുഴഞ്ഞുകയറിയവർക്കാണ് നിലവിൽ സ്വാധീനമെന്ന് ഷാ ചൂണ്ടിക്കാട്ടി. മുൻപ് നുഴഞ്ഞുകയറ്റക്കാരില്ലാതിരുന്ന ഈ പ്രദേശങ്ങളിൽ കോൺഗ്രസ് ഭരണത്തിനിടയിലാണ് ഇത്രയും വലിയ മാറ്റമുണ്ടായത്. നുഴഞ്ഞുകയറ്റം തടയാൻ ബിജെപി സർക്കാരിന് മാത്രമേ കഴിയൂ എന്ന് പറഞ്ഞ അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വീണ്ടും അധികാരത്തിലേറ്റാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ആയുധമെടുത്ത് അതിർത്തിയിൽ പോയി നുഴഞ്ഞുകയറ്റക്കാരെ തടയേണ്ട സാഹചര്യം ജനങ്ങൾക്കില്ലെന്നും ഹിമന്ത ബിശ്വ ശർമ്മയുടെ സർക്കാർ ആ ജോലി കൃത്യമായി ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി. നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ നുഴഞ്ഞുകയറ്റക്കാർ കൈയേറിയ 1.26 ലക്ഷം ഏക്കർ ഭൂമി ഇതിനകം വീണ്ടെടുക്കാൻ കഴിഞ്ഞതായും അമിത് ഷാ കൂട്ടിച്ചേർത്തു.