അയോധ്യ രാമക്ഷേത്ര സംഭാവനകളിൽ നടന്ന ക്രമക്കേടുകൾ മറച്ചുവെക്കാൻ അലോക് കുമാർ ശ്രമിക്കുന്നു ; സഞ്ജയ് സിങ് 

 

 ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവനകളിൽ നടന്ന ക്രമക്കേടുകൾ മറച്ചുവെക്കാൻ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) അന്താരാഷ്ട്ര അധ്യക്ഷൻ അലോക് കുമാർ ശ്രമിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിങ്. ക്ഷേത്രത്തിലെ 'ചന്ദ ചോരി' (സംഭാവന തട്ടിപ്പ്) കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് അലോക് കുമാർ അയച്ച കത്ത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.

ക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ അലോക് കുമാർ ഡി.എസ്.പിക്ക് കത്തെഴുതിയിരുന്നു. ഈ കത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ, സഞ്ജയ് സിങ്, സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് എന്നിവരെ മാത്രമാണ് പരാമർശിച്ചിരിക്കുന്നത്. 

എന്നാൽ, ക്ഷേത്രത്തിലെ ക്രമക്കേടുകളെക്കുറിച്ച് നേരത്തെ പരസ്യമായി സംസാരിച്ച ബി.ജെ.പി, ആർ.എസ്.എസ്, വി.എച്ച്.പി നേതാക്കളെ ഈ കത്തിൽ ബോധപൂർവം ഒഴിവാക്കിയെന്ന് സഞ്ജയ് സിങ് കുറ്റപ്പെടുത്തി. 'അലോക് കുമാർ ചിലരെ മാത്രം ലക്ഷ്യം വെക്കുകയും പലരെയും മനപ്പൂർവം വിട്ടുപോവുകയും ചെയ്തു. അഴിമതിയെക്കുറിച്ച് സ്വന്തം സംഘടനയിലെ ആളുകൾ തന്നെ പറഞ്ഞിട്ടും അവർക്കെതിരെ കത്തിൽ പരാമർശമില്ല,' സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.