അല്ലു അര്‍ജുന്‍ 11ാം പ്രതി, പുഷ്പ 2 തിയേറ്റര്‍ ദുരന്തത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

 

2024 ഡിസംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ദി റൂള്‍ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോക്കിടെയാണ് അപകടമുണ്ടായത്

 

കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ ചിത്രം പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അല്ലു അര്‍ജുനെ 11ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പൊലീസ് നമ്പള്ളി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒമ്പത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അപകടമുണ്ടായ സന്ധ്യ തിയേറ്റര്‍ മാനേജ്മെന്റാണ് പ്രധാന പ്രതി. ആകെ 23 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം.

കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

2024 ഡിസംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ദി റൂള്‍ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോക്കിടെയാണ് അപകടമുണ്ടായത്. ചിക്കടപ്പള്ളിയിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയെന്നറിഞ്ഞ് രാത്രി പതിനൊന്ന് മണിയോടെ ജനം തടിച്ചുകൂടുകയായിരുന്നു. ഗേറ്റ് തകര്‍ത്ത് അകത്ത് കയറിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 35 വയസുകാരിയായ ദില്‍കുഷ് നഗര്‍ സ്വദേശിനി എം രേവതി മരിക്കുകയും ഇവരുടെ ഒമ്പത് വയസുകാരനായ മകന്‍ ശ്രീതേജിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായ മകന്റെ ആഗ്രഹപ്രകാരമായിരുന്നു രേവതിയും കുടുംബവും സിനിമ കാണാന്‍ എത്തിയത്. തിയറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതോടെ താരത്തെ കാണാന്‍ തിക്കും തിരക്കുമായി. കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ ഡിസംബര്‍ 13ന് അല്ലുവിനെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.


അപകടത്തില്‍ ഓക്സിജന്‍ നില കുറഞ്ഞ് അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടി നാല് മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം 2025 ഏപ്രിലിലാണ് ഡിസ്ചാര്‍ജ് ആയത്. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട ചികിത്സ തുടരുകയാണ് ശ്രീതേജ്.