സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി

സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതാചാരപ്രകാരമുള്ള അനിവാര്യാനുഷ്ഠാനമാണെന്ന് സ്ഥാപിക്കാന്‍ വിദ്യാര്‍ഥിനിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. പ്രയാഗ് രാജിലെ ടാഗോര്‍ പബ്ലിക് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ജെ.ജെ. മുനീര്‍, ജസ്റ്റിസ് ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

 

ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതാചാരപ്രകാരമുള്ള അനിവാര്യാനുഷ്ഠാനമാണെന്ന് സ്ഥാപിക്കാന്‍ വിദ്യാര്‍ഥിനിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. പ്രയാഗ് രാജിലെ ടാഗോര്‍ പബ്ലിക് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ജെ.ജെ. മുനീര്‍, ജസ്റ്റിസ് ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ ആവശ്യം. ഡ്രസ് കോഡ് ഏകീകൃതവും സത്യസന്ധമായ ഉദ്ദേശ്യത്തോടെയുള്ളതും വിവേചനരഹിതവും അച്ചടക്കവും സ്ഥാപനത്തിന്റെ വ്യക്തിത്വവും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതുമാണെങ്കില്‍, യൂണിഫോം നിശ്ചയിക്കാനുള്ള അധികാരം സ്‌കൂളിനാണെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിപരമോ മതപരമോ ആയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ട വസ്ത്രധാരണ രീതികളില്‍ ഇളവ് വേണമെന്ന് ഒരു വിദ്യാര്‍ഥിക്കും ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ടാഗോര്‍ പബ്ലിക് സ്‌കൂളില്‍ പത്താം ക്‌ളാസ് പഠനത്തിന് ശേഷം അതേസ്‌കൂളില്‍ പതിനൊന്നാം ക്‌ളാസില്‍ പെണ്‍കുട്ടി പ്രവേശനം തേടിയപ്പോഴാണ് പ്രശ്നം ഉടലെടുത്തത്. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിച്ച കാലയളവില്‍ ഹിജാബ് ധരിച്ചിരുന്നുവെന്നും അന്ന് സ്‌കൂള്‍ അധികൃതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നുമായിരുന്നു കുട്ടിയുടെ വാദം. ഹിജാബ് ധരിക്കുന്നത് തന്റെ മതവിശ്വാസത്തിലെ അനിവാര്യ മതാചാരമാണെന്നും അത് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദവും 19(1)(മ)ാം അനുച്ഛേദവും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വിദ്യാര്‍ഥിനി വാദിച്ചു.എന്നാല്‍, വിദ്യാര്‍ഥിനിയുടെ വാദം കോടതി തള്ളി. ക്ലാസ് മുറിക്കുള്ളില്‍ ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമാണെന്നും അത് പാലിക്കാതിരിക്കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാന സ്വഭാവത്തെ ബാധിക്കുമെന്നും തെളിയിക്കുന്ന മതപരമായ ആധികാരിക രേഖകളൊന്നും ഹാജരാക്കാന്‍ വിദ്യാര്‍ഥിനിക്ക് കഴിഞ്ഞില്ലെന്ന് കാട്ടിയാണ് ഹര്‍ജി തള്ളിയത്.