വീട്ടില്‍ നിന്ന് പണം കണ്ടെടുത്ത സംഭവം:അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു

ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തില്‍ പാർലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ ഊർജിതമാകുന്നതിനിടെ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു.

 

140ലധികം ലോക്‌സഭാ അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്‌മെന്റ് പ്രമേയം ഇദ്ദേഹത്തിനെതിരെ പരിഗണനയിലായിരുന്നു.

ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തില്‍ പാർലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ ഊർജിതമാകുന്നതിനിടെ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു.140ലധികം ലോക്‌സഭാ അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്‌മെന്റ് പ്രമേയം ഇദ്ദേഹത്തിനെതിരെ പരിഗണനയിലായിരുന്നു.

കഴിഞ്ഞ വർഷം മാർച്ചില്‍ ഡല്‍ഹിയിലെ ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ വസതിയിലെ സ്റ്റോർ റൂമില്‍ നിന്ന് വലിയ തോതില്‍ കറൻസി നോട്ടുകള്‍ കണ്ടെടുത്തതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു.

സംഭവം വിവാദമായതോടെ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും യശ്വന്ത് വർമ്മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

പണം കണ്ടെടുത്ത സമയത്ത് താൻ വീട്ടിലുണ്ടായിരുന്നില്ലെന്നും, ആരോപിക്കപ്പെടുന്ന പണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ നിലപാട്. തന്നെ പുറത്താക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു