കുറ്റാരോപിതരായ വ്യക്തികളുമായി ബന്ധപ്പെട്ട സ്വത്തുക്കൾ ശിക്ഷാ നടപടിയെന്ന നിലയിൽ ബുൾഡോസർ വെച്ച് പൊളുച്ചുനീക്കുന്നതിൽ ഭിന്നവിധി പുറപ്പെടുവിച്ച് അലഹബാദ് ഹൈക്കോടതി

 

 ലഖ്നോ: കുറ്റാരോപിതരായ വ്യക്തികളുമായി ബന്ധപ്പെട്ട സ്വത്തുക്കൾ ശിക്ഷാ നടപടിയെന്ന നിലയിൽ ബുൾഡോസർ വെച്ച് പൊളുച്ചുനീക്കുന്നതിൽ ഭിന്നവിധി പുറപ്പെടുവിച്ച് അലഹബാദ് ഹൈക്കോടതി. കുറ്റാരോപിതന്റെ സ്വത്തുക്കൾ പൊളിക്കുന്നത് രണ്ട് വർഷത്തേക്ക് മരവിപ്പിക്കണമെന്ന ഹർജിയിലാണ് ഭിന്നവിധി. ജസ്റ്റിസ് അതുൽ ശ്രീധരൻ പൊളിക്കലുകൾക്ക് രണ്ട് വർഷത്തെ മൊറട്ടോറിയത്തിന് ഉത്തരവിട്ടു. അതേസമയം ജസ്റ്റിസ് സിദ്ധാർത്ഥ് നന്ദൻ ഇതിനോട് വിയോജിച്ചു. ഒരു നിശ്ചിത സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സിദ്ധാർത്ഥ് നന്ദൻ പറഞ്ഞു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത തീയതി മുതൽ രണ്ട് വർഷത്തേക്ക് പ്രതിയുടെ വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ നിർദ്ദേശിച്ചപ്പോൾ, അത്തരത്തിലുള്ള നിർദ്ദേശം നൽകാനാവില്ലെന്ന് ജസ്റ്റിസ് സിദ്ധാർത്ഥ് നന്ദൻ വ്യക്തമാക്കി.

"ഒരു കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ താമസസ്ഥലം മുനിസിപ്പൽ നിയമങ്ങളുടെ ലംഘനമാണെന്ന പേരിൽ തിരക്കുപിടിച്ചു പൊളിച്ചുനീക്കുന്നത് അനുവദനീയമല്ല. ഇത് എക്സിക്യൂട്ടീവ് വിവേചനാധികാരത്തിന്റെ പ്രതികാരപരമായ പ്രയോഗമാണ്. അതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത തീയതി മുതൽ രണ്ട് വർഷത്തേക്ക് അദ്ദേഹത്തിന്റെ വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കാൻ പാടില്ല"- ജൂലൈ 20-ന് പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് ശ്രീധരൻ പറഞ്ഞു. "ഒരു വീട് പണിയാൻ ആളുകൾ തകർന്നുപോകുന്നു, എന്നാൽ മുഴുവൻ ജനവാസ കേന്ദ്രങ്ങളും കത്തിച്ചുകളയാൻ നിങ്ങൾക്ക് ഒരു ദയയുമില്ല" എന്ന് അന്തരിച്ച പ്രശസ്ത ഉറുദു കവി ബഷീർ ബദറിന്റെ വരികളും അദ്ദേഹം ഉദ്ധരിച്ചു. "അർത്ഥവത്തായ ഒരു ജനാധിപത്യത്തിൽ, ആവശ്യമെങ്കിൽ, വ്യക്തിയുടെ അവകാശങ്ങൾ ഭരണകൂടത്തിന്റെ ശക്തിയിൽ നിന്ന് സംരക്ഷിക്കപ്പെടണം" എന്നും അദ്ദേഹം നിരീക്ഷിച്ചു. 

എന്നാൽ നിശ്ചിത സമയപരിധി നിശ്ചയിക്കാനാവില്ലെന്നും അങ്ങനെ ചെയ്യുന്നത് നിയമം നടപ്പാക്കുന്നത് തടസ്സപ്പെടുത്തുമെന്നുമായിരുന്നു ജസ്റ്റിസ് നന്ദന്റെ ഉത്തരവ്. കുറ്റാരോപിതരുമായി ബന്ധപ്പെട്ട സ്വത്തുക്കൾ ശിക്ഷാ നടപടിയെന്ന നിലയിൽ പൊളിച്ചുനീക്കുന്നത് തുടരുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയെ ഫെബ്രുവരിയിൽ കോടതി ചോദ്യം ചെയ്തിരുന്നു. പോക്‌സോ നിയമപ്രകാരവും ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരവും തങ്ങളുടെ ഒരു ബന്ധുവിന് എതിരെ കേസെടുത്തയുടൻ, പോലീസിന്റെ ഒത്താശയോടെ ഒരു ആൾക്കൂട്ടം തങ്ങളുടെ വീട് ആക്രമിച്ചുവെന്ന് ആരോപിച്ചുകൊണ്ട് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ ഷംസുദ്ദീൻ ഖാൻ, സയ്യിദ് അഹമ്മദ് ഫൈസാൻ, സഹീർ അസ്ഗർ എന്നിവർ ഹാജരായി.