തേനി ജില്ലാ ജയിലില്‍ നിന്ന് രക്ഷപ്പെട്ട എല്ലാ പ്രതികളും പിടിയിലായി
334 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോള്‍ തടവുകാരുടെ എണ്ണത്തിനനുസരിച്ച് എട്ടുപേര്‍ ഡ്യൂട്ടിയിലുണ്ടാകേണ്ട സ്ഥലത്ത് നാലു പേര് മാത്രമാണുണ്ടായിരുന്നത്.
രക്ഷപ്പെട്ട 17 പേരില്‍ 13 പേരെ ഇന്നലെ പിടികൂടിയിരുന്നു.
തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലില്‍ നിന്ന് രക്ഷപ്പെട്ട എല്ലാ പ്രതികളും പിടിയിലായി. ആണ്ടിപ്പെട്ടിയിലുള്ള തേനി ജില്ല ജയിലില്‍ നിന്നും തടവ് ചാടിയ എല്ലാരെയും പോലീസ് പിടികൂടി. 17 പേരാണ് തിങ്കളാഴ്ച രാത്രി ജയില്‍ ചാടിയത്. ആണ്ടിപ്പെട്ടിയിലുള്ള തേനി ജില്ല ജയിലില്‍ നിന്നും രക്ഷപെട്ടതില്‍ മധുര സ്വദേശികളായ തിരുപ്പതി, മീനാക്ഷി സുന്ദരം, പൊന്മുത്തു ശെല്‍വം, കന്യാകുമാരി സ്വദേശി റെജിന്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. രക്ഷപ്പെട്ട 17 പേരില്‍ 13 പേരെ ഇന്നലെ പിടികൂടിയിരുന്നു.
ജയിലിന് പിന്‍ഭാഗത്തുള്ള അമച്ചിയാപുരം വനമേഖലയില്‍ നിന്നാണ് പൊലീസ് പത്തു പേരെ കണ്ടെത്തിയത്. ഇന്ന് പിടിയിലായ രണ്ടുപേരെയും ഇതേ വന മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്. അവസാനം പിടിയിലായ മധുര സ്വദേശികളും സഹോദരന്മാരുമായ തിരുപ്പതിയെയും മീനാക്ഷി സുന്ദരത്തെയും ചിന്നമന്നൂരിന് സമീപത്തു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. വനത്തില്‍ നിന്നും ഇറങ്ങി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ആണ് ഇരുവരും പിടിയിലായത്.
ഇന്നലെ ആദ്യം പിടിയിലായ അഞ്ചു പേരെ ആണ്ടിപ്പെട്ടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തേനി ജില്ല ജയിലില്‍ തന്നെയാണ് ഇവരെ വീണ്ടും പാര്‍പ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള എട്ടു പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിടിയിലായ എല്ലാവരുടെയും പേരില്‍ ഒന്നിലധികം കേസുകളുണ്ട്. ജയില്‍ ചാടിയതിനും സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും 7 വകുപ്പുകള്‍ ചുമത്തി പുതിയ കേസും എടുത്തിട്ടുണ്ട്. കൂട്ടത്തോടെ രക്ഷപെടാന്‍ തടവുകാര്‍ക്ക് ജയില്‍ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.
334 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോള്‍ തടവുകാരുടെ എണ്ണത്തിനനുസരിച്ച് എട്ടുപേര്‍ ഡ്യൂട്ടിയിലുണ്ടാകേണ്ട സ്ഥലത്ത് നാലു പേര് മാത്രമാണുണ്ടായിരുന്നത്. അഞ്ചു പേരാണ് അന്നേ ദിവസം ആകെ ഹാജരായത്. തോക്ക് ഉപയോഗിക്കാന്‍ അറിയാത്ത ഉദ്യോഗസ്ഥരെയാണ് കാവലിന് നിയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ തടവ് ചാടിയത് 50ലധികം പേരാണെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തി. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിച്ചു.