1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയെന്ന യോഗി ആദിത്യനാഥിന്റെ ആരോപണത്തെ പരിഹസിച്ച് അഖിലേഷ് യാദവ്

 

 ലഖ്നൗ: ഉത്തർപ്രദേശിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ ‘ബുൾഡോസർ’ ഒരു ബ്രാൻഡായി മാറിയിട്ടുണ്ടെന്ന യോഗിയുടെ മുൻ പ്രസ്താവനയെ പരാമർശിച്ചുകൊണ്ട്, ആ ബുൾഡോസറിന്റെ സ്റ്റിയറിങ് തിരഞ്ഞെടുപ്പ് കമ്മീഷന് നേരെ തിരിക്കാനാണ് അഖിലേഷ് യാദവ് വെല്ലുവിളിച്ചത്.

“സത്യമെന്തെന്നാൽ, 1.27 കോടി ഹിന്ദു വോട്ടുകൾ നീക്കം ചെയ്തതിനെക്കുറിച്ച് ഇനി സംസാരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം സഹായിക്കാൻ കഴിയില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് നിങ്ങളെന്ന് സങ്കൽപ്പിക്കുക. ബുൾഡോസറുകളോട് പ്രത്യേക താല്പര്യവുമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി തന്റെ ബുൾഡോസറിന്റെ സ്റ്റിയറിങ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് തിരിച്ചുവിടട്ടെ,” അഖിലേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

1.27 കോടി ഹിന്ദു വോട്ടുകൾ ഒഴിവാക്കപ്പെട്ടുവെന്ന കൃത്യമായ കണക്ക് യോഗി ആദിത്യനാഥിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് അഖിലേഷ് ചോദിച്ചു. മുഖ്യമന്ത്രിക്ക് ഏതെങ്കിലും ദിവ്യശക്തിയോ പ്രത്യേക ഉപഗ്രഹ സാങ്കേതികവിദ്യയോ ലഭിച്ചിട്ടുണ്ടോയെന്നും, ഒഴിവാക്കപ്പെട്ട വോട്ടർമാർ സനാതനികളാണോ എന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാമെന്നും അഖിലേഷ് പരിഹസിച്ചു. യഥാർത്ഥത്തിൽ വോട്ടർ പട്ടിക പുതുക്കലിലൂടെ പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ഗോത്രവർഗക്കാർ, മുസ്‌ലിം സഹോദരങ്ങൾ എന്നിവരടങ്ങുന്ന പി.ഡി.എ (പിച്ഛ്ഡേ, ദളിത്, അൽപ്സംഖ്യക്) വോട്ടർമാരുടെ പേരുകളാണ് ഗൂഢാലോചനയിലൂടെ വെട്ടിമാറ്റിയതെന്ന് അഖിലേഷ് ആരോപിച്ചു. ബിഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടർമാരെ ഉത്തർപ്രദേശിലെ പട്ടികയിൽ തിരുകിക്കയറ്റാൻ ബി.ജെ.പി ശ്രമിക്കുന്നതായും, ബൂത്ത് അടിസ്ഥാനത്തിൽ കർശന പരിശോധന നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.