അയോധ്യാ സന്ദര്‍ശനത്തിനൊരുങ്ങി അഖിലേഷ് യാദവ്; കര്‍സേവകരെ ഇല്ലാതാക്കിയവര്‍ ആദ്യം മാപ്പുപറയണമെന്ന് യോഗി
അയോധ്യാ സന്ദര്‍ശനത്തിനൊരുങ്ങി അഖിലേഷ് യാദവ്; കര്‍സേവകരെ ഇല്ലാതാക്കിയവര്‍ ആദ്യം മാപ്പുപറയണമെന്ന് യോഗി
സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിന്റെ ഡിസംബറിലെ അയോധ്യ രാമക്ഷേത്ര സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയെയും ഭഗവാന്‍ ശ്രീരാമനെയും തുടര്‍ച്ചയായി അവഗണിച്ചവരും കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്തവരും ക്ഷേത്രനഗരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആദ്യം മാപ്പുപറയണമെന്നാണ് യോഗിയുടെ പരാമര്‍ശം.
അയോധ്യയിലെ ദീപാവലി ആഘോഷമായ 'ദീപോത്സവി'ല്‍ സംസാരിക്കവെയാണ് അഖിലേഷിനെ അടക്കം ലക്ഷ്യമിട്ടുകൊണ്ട് യോഗി വിമര്‍ശനമുന്നയിച്ചത്.
'അയോധ്യയെ രക്തരൂക്ഷിതമാക്കിയവര്‍ ഇന്ന് അയോധ്യ സന്ദര്‍ശിക്കാനെത്തുകയാണ്. അവര്‍ രാമഭക്തരോടും സന്യാസിമാരോടും തങ്ങളുടെ പ്രവൃത്തികളില്‍ ആദ്യം മാപ്പുപറയണം. ഭഗവാന്‍ ശ്രീരാമന്‍ സര്‍വചരാചരങ്ങളെയും സംരക്ഷിക്കുന്നവനാണ്, അദ്ദേഹം എല്ലാവരോടും ക്ഷമിക്കും. അയോധ്യ ഇന്ന് ത്രേതായുഗത്തിന്റെ ഓര്‍മകള്‍ക്ക് ജീവന്‍ നല്‍കുകയാണ്. ഒരുകാലത്ത് ശ്രീരാമന്റെ പേര് വിളിച്ചതിന് ആളുകള്‍ ലാത്തിച്ചാര്‍ജിനും വെടിവെപ്പിനും ഇരയായ, അവഗണിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന അതേ നഗരം ഇന്ന് പുരാതന പ്രതാപം വീണ്ടെടുത്ത് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കുകയാണ്, ' യോഗി ആദിത്യനാഥ് പറഞ്ഞു.