അജിത് ഡോവലും വാങ് യീയുമായുള്ള ചര്‍ച്ച: എട്ട് സുപ്രധാന വിഷയങ്ങളില്‍ ധാരണ


അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി 2005-ല്‍ ഒപ്പുവെച്ച ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ നീതിയുക്തമായ പരിഹാരം കണ്ടെത്താനും ധാരണയായി.

 

അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തിനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ ഉന്നതതല ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ നടന്ന ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാകും. അതിര്‍ത്തിയിലെ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നത് ഉള്‍പ്പെടെ എട്ട് പ്രധാന കാര്യങ്ങളില്‍ ഇരുനേതാക്കളും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രത്യേകിച്ച്, അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തിനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.


അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി 2005-ല്‍ ഒപ്പുവെച്ച ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ നീതിയുക്തമായ പരിഹാരം കണ്ടെത്താനും ധാരണയായി. യഥാര്‍ത്ഥ നിയന്ത്രണ രേഖയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ രണ്ട് രാജ്യങ്ങളും പ്രത്യേക വഴികള്‍ തേടും. സേനാ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകള്‍ക്കായി രണ്ട് സ്ഥലങ്ങളില്‍ക്കൂടി സൗകര്യം ഒരുക്കാനും, കിഴക്കന്‍, മധ്യ മേഖലകളില്‍ ഓരോ ഹോട്ട്ലൈന്‍ കൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരം കൂട്ടാനും, കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കാനും ചര്‍ച്ചയില്‍ ധാരണയായി.