ഡൽഹിയിൽ വായു ഗുണനിലവാരം ‘അതീവ ഗുരുതരാവസ്ഥയിൽ’

 

ഡൽഹിയിൽ വായു ഗുണനിലവാരം  അതീവ ഗുരുതരാവസ്ഥയിൽ . നഗരത്തിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. രോഹിണി, വാസിർപൂർ, മയൂർ വിഹാർ, ഐ.ടി.ഒ. ഉൾപ്പെടെയുള്ള മിക്ക മേഖലകളിലും ഇന്നലെ വായു ഗുണനിലവാര സൂചിക (AQI) 450-ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ AQI പോലും 370 ആയിരുന്നു, ഇത് സ്ഥിതിയുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. മലിനീകരണത്തിന്റെ ഫലമായി നഗരപ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ കാഴ്ചാപരിധി 200 മീറ്ററായി കുറയുകയും ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തു.

വായു മലിനീകരണം വർധിച്ച സാഹചര്യത്തിൽ ഡൽഹിയിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) സ്റ്റേജ് 4 നിലവിൽ വന്നു. അതേസമയം, വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതിപക്ഷം നീക്കം ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ജനങ്ങൾക്ക് ശുദ്ധവായു ഉറപ്പാക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്.