ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം

രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. തിങ്കളാഴ്ച രാവിലെ വായുനിലവാര സൂചിക (AQI) 314 രേഖപ്പെടുത്തിയതോടെ നഗരം 'വളരെ മോശം' വിഭാഗത്തിലേക്ക് കടന്നു.

 

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. തിങ്കളാഴ്ച രാവിലെ വായുനിലവാര സൂചിക (AQI) 314 രേഖപ്പെടുത്തിയതോടെ നഗരം 'വളരെ മോശം' വിഭാഗത്തിലേക്ക് കടന്നു. ഈ സീസണിൽ ആദ്യമായാണ് ഡൽഹിയിലെ വായുനിലവാരം ഇത്രയും താഴുന്നത്. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അധികൃതർ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) രണ്ടാം ഘട്ട നടപടികൾ നടപ്പിലാക്കുകയാണ്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) കണക്കുകൾ പ്രകാരം ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ വായുമലിനീകരണത്തിന്റെ തോത് ഉയർന്ന നിലയിലാണ്. ആർ.കെ. പുരത്ത് 370, അക്ഷർധാമിൽ 349, ഐ.ടി.ഒയിൽ 349, ഇന്ത്യാ ഗേറ്റിന് സമീപം 335 എന്നിങ്ങനെയാണ് വായുനിലവാര സൂചിക രേഖപ്പെടുത്തിയത്. ചില പ്രദേശങ്ങളിൽ മലിനീകരണത്തിന്റെ തോത് 380-നും മുകളിലെത്തി. വായുവിലുള്ള സൂക്ഷ്മ പൊടിപടലങ്ങളായ PM2.5, PM10 എന്നിവയുടെ വർധന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.