എയർ ഇന്ത്യ പൈലറ്റിനെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് പിടിയിൽ 

എയർ ഇന്ത്യയിലെ പൈലറ്റിനെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സൃഷ്ടി തുലി (25) എന്ന യുവതിയാണ് മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തത്.

 

മുംബൈ: എയർ ഇന്ത്യയിലെ പൈലറ്റിനെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സൃഷ്ടി തുലി (25) എന്ന യുവതിയാണ് മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്ത് ആദിത്യ പണ്ഡിറ്റിനെ പൊലീസ് അറസ്റ്റു ചെയ്തു. 

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സൃഷ്ടിയെ ആദിത്യ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുകയായിരുന്നു സൃഷ്ടിയെന്നുമാണ് ബന്ധുക്കൾ  പൊലീസിനോട് പറഞ്ഞത്.

തിങ്കളാഴ്ച രാവിലെയാണ് 25 കാരിയായ എയർ ഇന്ത്യ പൈലറ്റ് സൃഷ്ടിയെ  മുംബൈയിലെ പവായിലെ വാടക അപ്പാർട്ട്‌മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച വൈകിട്ട് ജോലി കഴിഞ്ഞ് സൃഷ്ടി തിരിച്ചെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന ആദിത്യയുമായി വഴക്കുണ്ടാകുകയും തുടർന്ന് തിങ്കളാഴ്ച പുലർച്ചെ യുവാവ് ഒരു മണിയോടെ ദില്ലിയിലേക്ക് തിരിക്കുകയായിരുന്നു. 

തുടർന്ന് സൃഷ്ടി യുവാവിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. യുവാവ് ഉടൻ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയിരിക്കുന്ന നിലയിലായിരുന്നു. ലോക്ക് കുത്തിത്തുറന്നപ്പോഴാണ് അബോധാവസ്ഥയിലായ യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.