ഇന്ധന സ്വിച്ചിന് തകരാർ; അടിയന്തരമായി എയർ ഇന്ത്യ വിമാനം നിലത്തിറക്കി
ഇന്ധന സ്വിച്ചിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ലണ്ടൻ - ബെംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് നിലത്തിറക്കിയത്. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട അതേ ശ്രേണിയിലുള്ള വിമാനമാണിത്.
ന്യൂ ഡൽഹി: ഇന്ധന സ്വിച്ചിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ലണ്ടൻ - ബെംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് നിലത്തിറക്കിയത്. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട അതേ ശ്രേണിയിലുള്ള വിമാനമാണിത്.
'റൺ' എന്ന നിലയിൽ നിന്ന് 'കട്ട് ഓഫ്' എന്ന നിലയിലേക്ക് ഇന്ധന സ്വിച്ച് മാറ്റുന്നതിലാണ് തകരാറ് കണ്ടെത്തിയത്. അഹമ്മദാബാദ് വിമാനാപകടത്തിന് കാരണവും ഇന്ധന സ്വിച്ച് ഓഫായതായിരുന്നു. ലണ്ടൻ വിമാനത്തിൽ ഈ തകരാർ കണ്ടെത്തിയതിന് പിന്നാലെ എയർ ഇന്ത്യ അധികൃതർ വിമാനത്തിൽ പരിശോധന നടത്തി. സംഭവം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെയും അറിയിച്ചു. പിന്നാലെ ഡിജിസിഎയുടെ നിർദേശപ്രകാരം എല്ലാ എയർ ഇന്ത്യ ബോയിങ് വിമാനങ്ങളിലും പരിശോധന നടന്നു.
ജൂണ്‍ 12-നായിരുന്നു ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായത്. 260 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന വിശ്വാസ് കുമാര്‍ എന്നയാൾ മാത്രമാണ് രക്ഷപ്പെട്ടത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം ബി ജെ മെഡിക്കൽ കോളേജിലേയ്ക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ഡിഎന്‍എ പരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് മൃതദേഹാവശിഷ്ടങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു.
വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടകാരണം എന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടായിരുന്നു. തുടർന്ന് ഈ റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന രംഗത്തുവന്നിരുന്നു.