കുവൈറ്റിൽ നിന്നും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈറ്റില്‍ നിന്നും നാട്ടിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍  പുനരാരംഭിക്കുന്നു.ജൂണ്‍ ഒന്ന് മുതലാണ്  പുനരാരംഭിക്കുന്നത് . പ്രാരംഭ ഘട്ടത്തില്‍ പരിമിതമായ സര്‍വീസുകളായിരിക്കും ഉണ്ടാവുക. പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

കുവൈറ്റില്‍ നിന്നും നാട്ടിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍  പുനരാരംഭിക്കുന്നു.ജൂണ്‍ ഒന്ന് മുതലാണ്  പുനരാരംഭിക്കുന്നത് . പ്രാരംഭ ഘട്ടത്തില്‍ പരിമിതമായ സര്‍വീസുകളായിരിക്കും ഉണ്ടാവുക. പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കുവൈറ്റില്‍ നിന്നും തിരിച്ചും നിര്‍ത്തിവെച്ച എയര്‍ ഇന്ത്യ സര്‍വീസുകളാണ് ജൂണ്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുന്നത്. ഫെബ്രുവരി 28നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള എല്ലാ വിമാന കമ്പനികളും സര്‍വീസ് നിര്‍ത്തിവെച്ചത്. എന്നാല്‍ കഴിഞ്ഞ മാസം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചിരുന്നെങ്കിലും കുവൈത്തിലെ ദേശീയ വിമാനക്കമ്പനികള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ക്ക് നേരിട്ടുള്ള സര്‍വീസ് നടത്തുന്നതിനു കുവൈറ്റ് വ്യോമയാന അധികൃതര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നതായാണ് വിവരം. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ആദ്യ ഘട്ടത്തില്‍ ഓരോ സെക്ടറിലേക്കും ആഴ്ചയില്‍ ഒരു സര്‍വീസ് വീതമാണ് നടത്തുക. പിന്നീട് സാഹചര്യം അനുകൂലമായാല്‍ സര്‍വീസുകളുടെ എണ്ണം ക്രമേണ വര്‍ദ്ധിപ്പിക്കും.
Also Read:

കോഴിക്കോട്, മംഗലാപുരം റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ ആദ്യ ഘട്ടത്തില്‍ തന്നെ ആരംഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന സെക്ടറുകളിലേക്കുള്ള സര്‍വീസുകളും വൈകാതെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഉള്‍പ്പെടെ മറ്റു വിമാന കമ്പനികളും ജൂണ്‍ ഒന്ന് മുതല്‍ ബുക്കിങ് ആരംഭിച്ചതായാണ് വിവിധ ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന.

നിലവില്‍ കുവൈറ്റ് എയര്‍ വെയ്‌സും ജസീറ എയര്‍ വെയ്‌സും കൊച്ചി തിരുവനന്തപുരം എന്നീ സെക്റ്ററുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന നിരക്കാണ് ഈ കമ്പനികള്‍ ഈടാക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളും പുനരാരംഭിക്കുന്നതോടെ മാസങ്ങളായി ഉയര്‍ന്ന നിരക്കില്‍ യാത്ര ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.