വിമാനത്താവളത്തിൽ യാത്രക്കാരെ മർദിച്ച സംഭവം ; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ
എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്‌തു. വിമാനത്താവളത്തിൽ വച്ച് യാത്രക്കാരനെ മർദിച്ച് മുഖത്ത് പരിക്കേൽപ്പിച്ച സംഭവത്തിലാണ് നടപടി.
ഡൽഹി : എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്‌തു. വിമാനത്താവളത്തിൽ വച്ച് യാത്രക്കാരനെ മർദിച്ച് മുഖത്ത് പരിക്കേൽപ്പിച്ച സംഭവത്തിലാണ് നടപടി. എന്നാൽ കേസിൽ ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഡിസംബർ 19 ന് നടന്ന ക്രൂര മർദനം രാജ്യമാകെ ശ്രദ്ധ നേടിയിരുന്നു. ബിഎൻഎസ് സെക്ഷൻ 115, 126, 351 പ്രകാരമാണ് വീരേന്ദർ സെജ്‌വാളിനെതിരെ കേസെടുത്തിരിക്കുന്നത്.
ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ വെച്ചാണ് വീരേന്ദർ സെജ്‌വാൾ, അങ്കിത് ധവാനെന്ന യാത്രക്കാരനെ മർദിച്ചത്. ഡിസംബർ 19 ന് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ അങ്കിത് ധവാനും കുടുംബവും സെക്യൂരിറ്റി പരിശോധനയ്ക്കായി കാത്തുനിൽക്കുമ്പോഴാണ് സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നതിനാൽ വിമാനത്താവള അധികൃതർ ഇവരോട് ജീവനക്കാർക്കുള്ള വരിയിലൂടെ പോകാൻ ആവശ്യപ്പെട്ടു. ഇത് പ്രകാരം ഇവിടെ കാത്തുനിൽക്കുമ്പോൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് സീനിയർ പൈലറ്റായ വീരേന്ദർ സെജ്‌വാളും സഹപ്രവർത്തകരും വരി തെറ്റിച്ച് നടന്നുപോയി. അങ്കിത് ധവാൻ ഇത് ചോദ്യം ചെയ്‌തതാണ് മർദനമേൽക്കാനുള്ള കാരണം.
അങ്കിതിനെ വീരേന്ദർ സെജ്‌വാൾ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു. ആക്രമണത്തിൽ അങ്കിതിന്റെ മൂക്കിലും വായിലും മുറിവേറ്റ്, രക്തം വന്നു. ഏഴ് വയസ്സുകാരിയായ മകളുടെ മുന്നിൽ വെച്ചാണ് തന്നെ പൈലറ്റ് മർദ്ദിച്ചതെന്നും സംഭവം മകൾക്കിത് വലിയ മാനസികാഘാതമായെന്നും അങ്കിത് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ഈ കുറിപ്പ് വൈറലായതോടെ വൻ വിമർശനം ഉയർന്നു. സംഭവം വിവാദമായതോടെ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിയായ പൈലറ്റിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയവും സംഭവം അന്വേഷിക്കുന്നുണ്ട്.