എയര്‍ ഇന്ത്യ രാജ്യാന്തര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു
നിലവിലെ സാഹചര്യത്തില്‍ മിക്ക രാജ്യാന്തര സര്‍വീസുകളും വലിയ നഷ്ടത്തിലാണ് ഓടുന്നതെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ വിത്സണ്‍ വ്യക്തമാക്കി.
സാഹചര്യം മെച്ചപ്പെടാത്തതിനാലാണ് ജൂണ്‍, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകളിലും മാറ്റം വരുത്താന്‍ എയര്‍ ഇന്ത്യ നിര്‍ബന്ധിതരായത്.
വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ വന്‍ വര്‍ദ്ധനയും കാരണം എയര്‍ ഇന്ത്യ തങ്ങളുടെ രാജ്യാന്തര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. വരുന്ന ജൂലൈ മാസം വരെ സര്‍വീസുകളില്‍ നിയന്ത്രണമുണ്ടാകുമെന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ക്യാമ്പ്ബെല്‍ വിത്സണ്‍ അറിയിച്ചു. ലാഭകരമല്ലാത്ത റൂട്ടുകളിലെ വിമാനങ്ങളാണ് റദ്ദാക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ മിക്ക രാജ്യാന്തര സര്‍വീസുകളും വലിയ നഷ്ടത്തിലാണ് ഓടുന്നതെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ വിത്സണ്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം വിമാനങ്ങള്‍ക്ക് ദീര്‍ഘദൂര പാതകള്‍ സ്വീകരിക്കേണ്ടി വരുന്നുണ്ട്. ഇത് ഇന്ധന ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂട്ടുകയും ചെയ്തു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇതിനകം തന്നെ ചില സര്‍വീസുകള്‍ കുറച്ചിരുന്നു. എന്നാല്‍ സാഹചര്യം മെച്ചപ്പെടാത്തതിനാലാണ് ജൂണ്‍, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകളിലും മാറ്റം വരുത്താന്‍ എയര്‍ ഇന്ത്യ നിര്‍ബന്ധിതരായത്.
യാത്രക്കാരുടെ യാത്രാ പ്ലാനുകളിലും ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂളുകളിലും ഉണ്ടാകുന്ന മാറ്റങ്ങളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഹോര്‍മുസ് കടലിടുക്ക് തുറക്കുകയും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അറുതിയാവുകയും ചെയ്താല്‍ മാത്രമേ സര്‍വീസുകള്‍ പഴയപടിയാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പ് ഏകദേശം 22,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതായാണ് കണക്കാക്കുന്നത്.