രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകി ; ഇന്ത്യൻ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിൽ

രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങൾ ചോർത്തിയ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ പുറത്തുവിട്ടതിനെത്തുടർന്ന് ഔദ്യോഗിക രഹസ്യനിയമം പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

 

രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങൾ ചോർത്തിയ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ പുറത്തുവിട്ടതിനെത്തുടർന്ന് ഔദ്യോഗിക രഹസ്യനിയമം പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വിംഗ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് 
വ്യോമസേന വൃത്തങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ, ഉദ്യോഗസ്ഥന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

രഹസ്യവിവരങ്ങൾ ചോർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗവും ചേർന്നാണ് പ്രാഥമിക അന്വേഷണം നടത്തിയത്. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ വഴി പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഒരുക്കിയ 'ഹണിട്രാപ്പിൽ' ഉദ്യോഗസ്ഥൻ കുടുങ്ങുകയായിരുന്നു. ഉയർന്ന റാങ്കിലുള്ള സഹപ്രവർത്തകന്റെ മൊബൈലിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യിച്ചാണ് പ്രതിയായ ഉദ്യോഗസ്ഥൻ വിവരങ്ങൾ ചോർത്തിയതെന്നാണ് കണ്ടെത്തൽ.ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഉപകരണങ്ങളും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

വിദേശ ഏജൻസികളിലേക്ക് എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്നും ഇതിന് പിന്നിൽ വൻ ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ എന്നും അറിയാൻ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.ഉദ്യോഗസ്ഥൻ വ്യക്തിജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലൂടെ പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിൽ അകപ്പെട്ടത്. നിരന്തരമുള്ള ചാറ്റുകൾ പിന്നീട് കോളുകളായി മാറി. വിശ്വാസം നേടിയ ശേഷം ഫോട്ടോകൾ, വീഡിയോകൾ, സൈനിക യൂണിറ്റുകളുടെ നീക്കങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങൾ പങ്കിടുകയായിരുന്നു. ഉദ്യോഗസ്ഥൻ പങ്കിട്ട വിവരങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുമോ എന്ന കാര്യങ്ങളും അന്വേഷിച്ചുവരികയാണ്.