ടിവികെ യെ പിന്തുണയ്ക്കുന്നതില്‍ എഐഎഡിഎംകെയില്‍ ഭിന്നത

വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ പിന്തുണയ്ക്കുന്നതില്‍ എഐഎഡിഎംകെയില്‍ ഭിന്നതയെന്ന് റിപ്പോർട്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ മൂന്നില്‍ രണ്ടു വിഭാഗം ടിവികെയെ പിന്തുണയ്ക്കണമെന്ന നിലപാടിലാണ്. 35 എഐഎഡിഎംകെ എംഎല്‍എമാരാണ് ഈ നിലപാടുമായി രംഗത്തു വന്നത്.എഐഎഡിഎംകെ എംഎല്‍എമാര്‍ രാജ്യസഭ നേതാവ് സി വി ഷണ്‍മുഖത്തിന്റെ ഓഫീസിലാണ് ഒത്തുകൂടിയത്.

 

 ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ പിന്തുണയ്ക്കുന്നതില്‍ എഐഎഡിഎംകെയില്‍ ഭിന്നതയെന്ന് റിപ്പോർട്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ മൂന്നില്‍ രണ്ടു വിഭാഗം ടിവികെയെ പിന്തുണയ്ക്കണമെന്ന നിലപാടിലാണ്. 35 എഐഎഡിഎംകെ എംഎല്‍എമാരാണ് ഈ നിലപാടുമായി രംഗത്തു വന്നത്.എഐഎഡിഎംകെ എംഎല്‍എമാര്‍ രാജ്യസഭ നേതാവ് സി വി ഷണ്‍മുഖത്തിന്റെ ഓഫീസിലാണ് ഒത്തുകൂടിയത്. ഷണ്‍മുഖം മൈലം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ എഐഎഡിഎംകെയിലെ മറുവിഭാഗം ടിവികെയെ പിന്തുണയ്ക്കുന്നതിനെ എതിര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടിവികെയെ പിന്തുണയ്ക്കണോ എന്നതില്‍ എഐഎഡിഎംകെ നേതൃത്വം ഇതുവരെ പരസ്യമായി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ടിവികെ നേതാവ് വിജയുടെ അടുത്ത അനുയായി എടപ്പാടി കെ പളനിസ്വാമിയെ കണ്ട് പിന്തുണ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ 47 സീറ്റുകളിലാണ് വിജയിച്ചത്.

2024 ല്‍ രൂപീകരിച്ച തമിഴക വെട്രി കഴകം പാര്‍ട്ടി, നേരിട്ട ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ 234 അംഗ അസംബ്ലിയില്‍ 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എന്നാല്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 10 എംഎല്‍എമാരുടെ കുറവാണ് ടിവികെയ്ക്ക് ഉള്ളത്. അതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ തുടങ്ങി നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി ടിവികെ നേതൃത്വം ചര്‍ച്ചകള്‍ നടത്തിവരികയാണ്.