പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എ.ഐ ഡീപ്‌ഫേക്ക് വീഡിയോകൾ ; മെറ്റ ഇന്ത്യ മേധാവിക്കെതിരെ കേസ്  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എ.ഐ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചതിൽ മെറ്റ ഇന്ത്യ മേധാവിക്കെതിരെ കേസ്. മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസനും നിരവധി ഫേസ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെയുമാണ് ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

 

 ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എ.ഐ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചതിൽ മെറ്റ ഇന്ത്യ മേധാവിക്കെതിരെ കേസ്. മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസനും നിരവധി ഫേസ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെയുമാണ് ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന കോക്രോച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്നാലെ എ.ഐ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചെന്ന പരാതിയിലാണ് നടപടി.

പ്രധാനമന്ത്രിയുടെ ശബ്ദവും ദൃശ്യങ്ങളും എ.ഐ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ച വീഡിയോകൾ സമൂഹത്തിൽ തെറ്റിദ്ധാരണയും പ്രകോപനവും സൃഷ്ടിക്കുന്ന തരത്തിൽ മെറ്റാ ഉടമസ്ഥതയിലുള്ള ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിച്ചുവെന്നതാണ് കേസ്. ഈ ഉള്ളടക്കങ്ങൾ എങ്ങനെ സൃഷ്ടിക്കപ്പെട്ടു, ആരാണ് അപ്‌ലോഡ് ചെയ്തത്, എങ്ങനെയാണ് വ്യാപകമായി പ്രചരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.

സമൂഹമാധ്യമങ്ങളിൽ എ.ഐ ഉപയോഗിച്ചുള്ള വ്യാജ ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിൽ മെറ്റയുടെ സുരക്ഷാ സംവിധാനങ്ങൾ മതിയായിരുന്നോ എന്നതും അന്വേഷണത്തിന്റെ ഭാഗമായി വിലയിരുത്തും. എ.ഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് വ്യാജ ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ അന്വേഷണം ശക്തമാക്കുമെന്ന് ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് അറിയിച്ചു. അന്വേഷണത്തിനിടെ ശേഖരിക്കുന്ന ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ ഹൈദരാബാദ് സൈബർ ക്രൈം വിഭാഗം മെറ്റ പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. എ.ഐ തട്ടിപ്പുകൾ, വ്യാജ പരസ്യങ്ങൾ, ഡീപ്‌ഫേക്ക് വീഡിയോകൾ എന്നിവ കണ്ടെത്തി നീക്കം ചെയ്യുന്ന സംവിധാനങ്ങളെക്കുറിച്ച് കമ്പനി ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് വിശദീകരണം നൽകിയിരുന്നു.

നേരത്തേ, മോദിയുടെ ഫേസ്ബുക് വിഡിയോ താൽക്കാലികമായി നീക്കം ചെയ്ത സംഭവവും കേന്ദ്ര സർക്കാരും മെറ്റയും തമ്മിലുള്ള തർക്കത്തിന് വഴിവെച്ചിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ മെറ്റ അധികൃതരിൽ നിന്ന് വിശദീകരണം തേടുകയും കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മെറ്റ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.