പ്രശസ്ത നിയമവിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനുമായ എ ജി നൂറാനി അന്തരിച്ചു
എ ജി നൂറാനി അന്തരിച്ചു
മുംബൈ: പ്രശസ്ത ഇന്ത്യൻ പണ്ഡിതനും കോളമിസ്റ്റും അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ എ ജി നൂറാനി എന്ന അബ്ദുൾ ഗഫൂർ മജീദ് നൂറാനി അന്തരിച്ചു. 93 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു.
ഇന്ത്യൻ നിയമ-രാഷ്ട്രീയ വൃത്തങ്ങളിലെ പ്രമുഖനായ നൂറാനിക്ക് വിവിധ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമായിരുന്നു. 1930 സെപ്റ്റംബർ 16-ന് മുംബൈയിയിലായിരുന്നു ജനനം. മുംബൈയിലെ സെന്റ് മേരീസ് സ്‌കൂളിലും ഗവൺമെന്റ് ലോ കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, ഡോൺ, ദ സ്‌റ്റേറ്റ്‌സ്മാൻ, ഫ്രണ്ട്‌ലൈൻ, എകണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി, ദൈനിക് ഭാസ്‌കർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ നൂറാനി കോളങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ദി കശ്മീര്‍ ക്വസ്റ്റ്യൻ, മിനിസ്റ്റേഴ്സ് മിസ് കണ്ടക്ട്, കോൺസ്റ്റിറ്റ്യൂഷണൽ ക്വസ്റ്റ്യൻസ് ആൻഡ് സിറ്റിസൻസ് റൈറ്റ്സ്, ദി ആര്‍എസ്എസ്: എ മെനേസ് ടു ഇന്ത്യ, സവര്‍ക്കര്‍ ആൻഡ് ഹിന്ദുത്വ : ദി ഗോഡ്സെ കണക്ഷൻ, ദി ആര്‍എസ്എസ് ആൻഡ് ദി ബിജെപി: എ ഡിവിഷൻ ഒഫ് ലേബര്‍,ദി ട്രയൽ ഒഫ് ഭഗത്സിങ് തുടങ്ങിയ പുസ്തകങ്ങള്‍ ശ്രദ്ധേയമാണ്.