പഹല്‍ഗാമിലെ ആക്രമണ ശേഷം ഞാന്‍ ലോക പ്രശസ്തനായി ; പാക് സൈന്യം നടത്തുന്ന പരിപാടികളില്‍ ഔദ്യോഗിക ക്ഷണമുണ്ട് ; പാക് സ്‌കൂളില്‍ സൈഫുള്ള കസൂരിയുടെ പ്രസംഗം
പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ക്രൂരമായ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് സൈഫുള്ള കസൂരി. ഈ ആക്രമണത്തിന് ശേഷമാണ് തന്റെ പേര് ലോകപ്രശസ്തമായതെന്ന് ഇയാള്‍ പ്രസംഗത്തില്‍ അവകാശപ്പെട്ടു
ഭീകരവാദത്തിനെതിരെ പോരാടുന്നു എന്ന പാകിസ്ഥാന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവന.
പാകിസ്ഥാന്‍ സൈന്യവും ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വെളിപ്പെടുത്തി സംഘടനയുടെ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി. പാകിസ്ഥാനിലെ ഒരു സ്‌കൂളില്‍ കുട്ടികളെ അഭിസംബോധന ചെയ്യവെയാണ് സൈനിക പരിപാടികളില്‍ താന്‍ സ്ഥിരം അതിഥിയാണെന്ന നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഇയാള്‍ നടത്തിയത്. പാകിസ്ഥാന്‍ സൈന്യം നടത്തുന്ന പരിപാടികളിലേക്ക് തനിക്ക് ഔദ്യോഗികമായി ക്ഷണം ലഭിക്കാറുണ്ടെന്നും കൊല്ലപ്പെടുന്ന പാക് സൈനികരുടെ ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാന്‍ സൈന്യം തന്നെ വിളിക്കാറുണ്ടെന്നും കസൂരി വെളിപ്പെടുത്തി. ഭീകരവാദത്തിനെതിരെ പോരാടുന്നു എന്ന പാകിസ്ഥാന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവന.
2025 ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ക്രൂരമായ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് സൈഫുള്ള കസൂരി. ഈ ആക്രമണത്തിന് ശേഷമാണ് തന്റെ പേര് ലോകപ്രശസ്തമായതെന്ന് ഇയാള്‍ പ്രസംഗത്തില്‍ അവകാശപ്പെട്ടു. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകരതാവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' തങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു.
എന്നാല്‍ ഭീകരക്യാമ്പുകള്‍ മാത്രം തകര്‍ത്തത് ഇന്ത്യക്ക് പറ്റിയ തെറ്റാണെന്നും കശ്മീര്‍ ദൗത്യത്തില്‍ നിന്ന് പിന്മാറില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇന്ത്യക്കെതിരെയും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ കസൂരി നടത്തി. തന്റെ സാന്നിധ്യം ഇന്ത്യയെ ഭയപ്പെടുത്തുന്നുണ്ട്. പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ 'ഫീല്‍ഡ് മാര്‍ഷല്‍' എന്ന് വിശേഷിപ്പിച്ച ഇയാള്‍ ഇന്ത്യയെ പാഠം പഠിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.